കൊച്ചി: ബ്രഹ്മപുരം വിഷയത്തില്‍ കരാര്‍ കമ്പനി സോണ്‍ടയ്‌ക്കെതിരെ ആഞ്ഞടിച്ച് കൊച്ചി മേയര്‍ എം അനില്‍ കുമാര്‍. കരാര്‍ കമ്പനിയ്ക്ക് തീപിടുത്തത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാനാകില്ലന്ന് മേയര്‍ വ്യക്തമാക്കി. കമ്പനി കരാര്‍ ഏറ്റെടുക്കുമ്പോള്‍ ഫയര്‍ ഫൈറ്റിങ് സംവിധാനങ്ങള്‍ ഉറപ്പുവരുത്താനുള്ള ബാധ്യത അവര്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ പ്രതിപക്ഷം സംസാരിക്കാന്‍ തയാറായിട്ടില്ല. വിട്ടുവീഴ്ചയോട് കൂടിയ സമീപനമാണ് തനിക്ക് ഇക്കാര്യത്തിലുള്ളതെന്നും മേയര്‍ അറിയിച്ചു. നേരത്തെ തീപിടുത്തത്തിന്റെ ഉത്തരവാദിത്വം തങ്ങള്‍ക്കല്ലെന്നും സോണ്‍ട ഇന്‍ഫ്രാടെക് എം ഡി രാജ്കുമാര്‍ ചെല്ലപ്പന്‍ പറഞ്ഞിരുന്നു.
അതേസമയം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മാലിന്യസംസ്‌കരണത്തിന്റെ കാര്യത്തില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ മാറ്റം വേണമെന്നും ഇക്കാര്യത്തില്‍ കുട്ടികള്‍ക്ക് പരീശീലനം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.