കൊച്ചി : നഗരത്തില്‍ സ്വകാര്യ ബസ് സമരത്തെ തുടര്‍ന്ന് വലഞ്ഞ യാത്രക്കാര്‍ക്ക് ആശ്വാസമായി കൊച്ചി മെട്രോ. സ്വകാര്യ ബസുകള്‍ പണിമുടക്കിയതോടെ കൃത്യസമയത്ത് ഓഫീസുകളില്‍ എത്തുന്നതിനും മറ്റു ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമായി നഗരത്തില്‍ യാത്രക്കാര്‍ കൂട്ടത്തോടെ കൊച്ചി മെട്രോയെ ആശ്രയിച്ചു. യാത്രക്കാര്‍ കൂട്ടത്തോടെ എത്തിയതോടെ ഇന്ന് രാവിലെ മുതല്‍ നിറഞ്ഞുകവിഞ്ഞാണ് കൊച്ചി മെട്രോ സര്‍വീസ് നടത്തിയത്. ചൊവ്വാഴ്ച രാവിലെ മുതല്‍ വന്‍ തിരക്കാണ് കൊച്ചി മെട്രോയില്‍ അനുഭവപ്പെടുന്നത്. രാവിലെ മുതല്‍ മിക്ക സ്റ്റേഷനുകളിലും യാത്രക്കാരുടെ നീണ്ട നിരയാണ് ടിക്കറ്റ് എടുക്കുന്നതിനും അകത്ത് പ്രവേശിക്കുന്നതിനും ദൃശ്യമായത്. രാവിലെ 9 വരെ 2500ഓളം പേരാണ് മെട്രോയില്‍ അധികമായി യാത്ര ചെയ്തത്.
അവധി ദിവസങ്ങള്‍ ഒഴിവാക്കിയാല്‍ പ്രതിദിനം ഒരു ലക്ഷത്തിലേറെപ്പേരാണ് കൊച്ചി മെട്രോയില്‍ ശരാശരി യാത്ര ചെയ്യുന്നത്. തിങ്കളാഴ്ച രാവിലെ ഒമ്പത് വരെ 15,438 പേരാണ് കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത് എങ്കില്‍ ഇന്നു രാവിലെ ഒമ്പത് വരെ 17,807 പേരാണ് യാത്ര ചെയ്തത്. രാവിലെ 10 മണി വരെയുള്ള സമയത്താണ് അധിക തിരക്ക് അനുഭവപ്പെട്ടത്. വൈറ്റില, എറണാകുളം സൗത്ത്, ഇടപ്പള്ളി മേഖലകളിലായിരുന്നു ഏറ്റവുമധികം തിരക്ക് അനുഭവപ്പെട്ടത്. അധിക സര്‍വീസ് നടത്തുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നെങ്കിലും വേണ്ടി വന്നില്ലെന്ന് കൊച്ചി മെട്രോ അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ തൃപ്പൂണിത്തുറ മുതല്‍ ആലുവ വരെയാണ് മെട്രോ സര്‍വീസ് നടത്തുന്നത്.