കൊച്ചി: ശിവരാത്രിയോടനുബന്ധിച്ച് ശനി, ഞായർ ദിവസങ്ങളിൽ കൊച്ചി മെട്രോ സർവീസ് നീട്ടി. ആലുവയിൽ ബലിതർപ്പണത്തിന് എത്തുന്നവരുടെ സൗകര്യം കണക്കിലെടുത്താണ് നടപടിയെന്ന് കെഎംആർഎൽ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ആലുവ, എസ്എൻ ജങ്ഷൻ എന്നിവിടങ്ങളിൽനിന്ന് ശനി രാത്രി 11.30 വരെ ട്രെയിൻ സർവീസ് ഉണ്ടായിരിക്കുന്നതാണ്. രാത്രി 10.30ന് ശേഷം 30 മിനിറ്റ് ഇടവേളകളിലായിരിക്കും സർവീസ്. ഞായർ പുലർച്ചെ 4.30 മുതൽ സർവീസ് തുടങ്ങും. രാവിലെ ഏഴു വരെ 30 മിനിറ്റ് ഇടവിട്ടും ഏഴു മുതൽ ഒമ്പതു വരെ 15 മിനിറ്റ് ഇടവിട്ടുമായിരിക്കും സർവീസ്.ഞായറാഴ്ച നടക്കുന്ന യുപിഎസ്സി എൻജിനീയറിങ് കംമ്പയിൻഡ് ജിയോ സയന്റിസ്റ്റ് പരീക്ഷ എഴുതുന്നവർക്കും പുതുക്കിയ ട്രെയിൻ സമയക്രമം ഉപകാരപ്പെടും.