കൊച്ചി: കൊച്ചി മെട്രോ രണ്ടാംഘട്ടം അനന്തമായി വൈകുന്നതിന് പിന്നിൽ പ്രതിദിന മെട്രോ യാത്രക്കാരുടെ എണ്ണത്തിലെ കുറവ്. യാത്രക്കാർ വർദ്ധിക്കാതെ പദ്ധതി ലാഭകരമാകില്ലെന്ന് ചൂണ്ടിക്കാട്ടി രാജ്യാന്തര ഏജൻസികളും കേന്ദ്രസർക്കാരും ഫണ്ട് അനുവദിക്കാൻ തയ്യാറാകുന്നില്ല. രണ്ടാം ഘട്ട നിർമ്മാണ ചെലവ് കുറയ്ക്കുകയാണ് പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള പോംവഴി. എന്നാൽ ഇതിന് സാങ്കേതിക തടസ്സങ്ങൾ ഏറെയാണ്. പാലാരിവട്ടം മുതൽ ഇൻഫോപാർക്ക് വരെയാണ് കൊച്ചി മെട്രോ രണ്ടാം ഘട്ടം. ഇതിനായുള്ള സ്ഥലമേറ്റെടുപ്പും കാന നിർമാണവുമെല്ലാം മാസങ്ങൾക്ക് മുമ്പേ തുടങ്ങിയതാണ്. എന്നിട്ടും പദ്ധതി മുന്നോട്ടു പോകുന്നില്ല. ഇതിനിടെ പദ്ധതിയ്ക്കായി വായ്പ നൽകാമെന്ന് ഏറ്റിരുന്ന ഫ്രഞ്ച് വികസന ബാങ്ക് പദ്ധതിയിൽ നിന്ന് പിന്മാറി. കേന്ദ്ര സർക്കാരും പണം നൽകുന്നില്ല. ഇതിനെല്ലാം കാരണം ആലുവ മുതൽ തൃപ്പൂണിത്തുറ വരെയുള്ള യാത്രക്കാരുടെ എണ്ണത്തിലെ കുറവ്. ആദ്യഘട്ട നിർമാണം തുടങ്ങുമ്പോൾ പ്രതിദിനം മൂന്നര ലക്ഷം പേർ യാത്രക്കാരുണ്ടാകുമെന്നായിരുന്നു എസ്റ്റിമേറ്റ്. അഞ്ച് വർഷം പിന്നിടുമ്പോൾ പ്രതിദിന യാത്രക്കാർ ശരാശരി 80,000. ഓരോ ദിവസത്തെയും നഷ്ടം ഒരു കോടി രൂപ.
മെട്രോ രണ്ടാം ഘട്ടത്തിന് കണക്കാക്കുന്ന ചെലവ് 1,957 കോടി രൂപയാണ്. പൂർത്തിയാകുമ്പോൾ ഇത് 3000 കോടി വരെയാകാം. വന്നു പോകുന്നവരടക്കം ചേർത്ത് ഒരു ദിവസം കൊച്ചി നഗരത്തിലെത്തുന്നത് 10 ലക്ഷത്തോളം പേരാണ്. ഇതിൽ 10 ശതമാനത്തോളം പേർ ഇപ്പോൾ തന്നെ മെട്രോ ഉപയോഗിക്കുന്നതിനാൽ പെട്ടെന്ന് വരുമാനം എങ്ങിനെ ഉയരുമെന്നാണ് രണ്ടാംഘട്ടത്തിന് പണം മുടക്കാൻ എത്തുന്നവരുടെ ചോദ്യം. ചെലവ് ചുരുക്കി പദ്ധതി പൂർത്തിയാക്കുമെന്ന് വച്ചാൽ ഒരു ഘട്ടം നിർമിച്ചതിനാൽ സാങ്കേതിക തകരാറുണ്ടാകുമോ എന്നും ആശങ്ക.