കൊച്ചി : സംസ്ഥാനത്തെ ഗതാഗത രംഗത്ത് പുതിയൊരു നാഴികക്കല്ലിട്ട കൊച്ചി മെട്രോക്ക് നാളെ അഞ്ച് വയസ്സ്. കൊവിഡിന് ശേഷം മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ പടിപടിയായി ഉണ്ടാകുന്ന വർധനവ് വൈകാതെ ഒരു ലക്ഷമെത്തിക്കാമെന്ന പ്രതീക്ഷയിലാണ് കെഎംആർഎൽ. ഫീഡർ സർവ്വീസുകളുടെ ലഭ്യതകുറവ് പരിഹരിക്കണമെന്നാണ് യാത്രക്കാർക്ക് പറയാനുള്ളത്. മെട്രോ പദ്ധതി എത്താൻ വൈകി, നിർമ്മാണം തുടങ്ങാൻ വൈകി, മെട്രോ ലാഭമോ നഷ്ടമോ എന്നിങ്ങനെയുള്ള ചർച്ചകൾ ഇപ്പോഴും സജീവമാകുമ്പോഴും ഒരു കാര്യത്തിൽ തർക്കമില്ല.
മാറുന്ന കൊച്ചിയുടെ പ്രധാന മുഖം കൊച്ചി മെട്രോ തന്നെയാണ്. വൃത്തിയുള്ള ചുറ്റുപാടിലെ പൊതുഗതാഗത യാത്ര, എസി കംപാർട്ട്മെൻറ് മുതൽ ശുചിമുറി വരെ ഉള്ള അടക്കും ചിട്ടയുമുള്ള പുതിയൊരു ഗതാഗത സംസ്കാരമാണ് കൊച്ചി മെട്രോ മലയാളികൾക്ക് സമ്മാനിച്ചത്. അഞ്ച് വർഷമെത്തുമ്പോൾ ആലുവയിൽ നിന്ന് 25 കിലോമീറ്റർ നഗരം മെട്രോ ചുറ്റുന്നു. തൃപ്പൂണിത്തുറയിലേക്കും ഉടനെത്തും. കൊവിഡ് സമയത്ത് കുത്തനെ ഇടിഞ്ഞ യാത്രക്കാരുടെ എണ്ണം പതിയെ പതിയെ 70,000ത്തിനോട് അടുക്കുന്നു. സമീപ പ്രദേശങ്ങളിലേക്ക് മെട്രോ ഏർപ്പെടുത്തിയ ഫീഡർ സർവ്വീസുകൾക്ക് മികച്ച പ്രതികരണമുണ്ട്. ഇൻഫോപാർക്കിൽ നിന്നുൾപ്പടെ ഒമ്പത് ഇലക്ടിക് ബസ്സുകളാണ് നിരത്തിലുള്ളത്. പക്ഷേ കൂടുതൽ ഓട്ടോകൾ വഴി സ്റ്റേഷനുകളിൽ നിന്ന് ലക്ഷ്യസ്ഥാനത്തേക്കെത്താൻ സൗകര്യം ഒരുക്കണമെന്ന ആവശ്യമാണ് യാത്രക്കാർക്ക്.
ടിക്കറ്റ് വരുമാനം മാത്രമല്ല മെട്രോ സ്റ്റേഷനുകളിലെ കിയോസ്കുകൾ വാടകയ്ക്ക് നൽകിയും പരസ്യബോർഡുകൾ സ്ഥാപിച്ചും വരുമാനസാധ്യത മെട്രോ തേടുന്നു. പൊതുവെ കൂടുതലെന്ന് പരാതിയുള്ള ടിക്കറ്റ് നിരക്ക് വിദ്യാർത്ഥികൾക്കും പ്രത്യേക ദിനങ്ങളിൽ മറ്റ് യാത്രക്കാർക്ക് ഇളവ് നൽകിയും ജനകീയമാക്കാനുള്ള ശ്രമങ്ങളും മെട്രോ ഒരുക്കുന്നു. അഞ്ചാം വാർഷിക ദിനമായ നാളെ അഞ്ച് രൂപയ്ക്ക് ടിക്കറ്റെടുത്താൽ ഏത് മെട്രോ സ്റ്റേഷനിലേക്കും യാത്ര ചെയ്യാം. കൊവിഡ് കാലത്ത് ഒരു കോടി വരെ പ്രതിദിന നഷ്ടത്തിലായ മെട്രോ പലവഴി പുതുവഴി തേടി പരമാവധി നഷ്ടം കുറയ്ക്കാനുള്ള കഠിനശ്രമത്തിലാണ്. നഗരത്തിൽ എല്ലായിടത്തും നഗരപരിസരങ്ങളിലേക്കും മെട്രോ എത്തണം. ഫീഡർ സർവ്വീസുകളും ഉണ്ടാകണം. അതിനനുസരിച്ച് നിരക്കും കുറയണം. വൈകാതെ തന്നെ കൂടുതൽ കൊച്ചിക്കാരുടെ ജീവിതതത്തിൻറെ ഭാഗമാകും കൊച്ചി മെട്രോ എന്ന് പ്രതീക്ഷിക്കാം.