മരട് : കൊച്ചി മരടില്‍ തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിയ സ്വകാര്യ ഫ്ളാറ്റിന് പിഴ ചുമത്തി നഗരസഭ. കുണ്ടന്നൂര്‍ ജംഗ്ഷനടുത്തുളള ഗ്രാന്‍ഡ് മെഡോസ് എന്ന ഫ്ളാറ്റിനാണ് നഗരസഭ ഒരു ലക്ഷം രൂപ പിഴ ചുമത്തിയത്. തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്നതായി നഗരസഭ ആരോഗ്യ വിഭാഗം കണ്ടെത്തിയിരുന്നു. രഹസ്യ വിവരം അനുസരിച്ച് കഴിഞ്ഞ ദിവസം ഇവിടെ പരിശോധന നടത്തിയ നഗരസഭാ ആരോഗ്യ വിഭാഗം വലിയ മോട്ടർ ഉപയോഗിച്ച് തോട്ടിലേക്ക് കക്കൂസ് മാലിന്യം തള്ളുന്നത് കണ്ടെത്തിയിരുന്നു. ഈ മോട്ടോർ അടക്കമുള്ള നഗരസഭ പിടിച്ചെടുത്തു. സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കുന്നതിന് പിന്നാലെയാണ് പൊതുജനാരോഗ്യത്തെ ബാധിക്കുന്ന മാലിന്യം തള്ളലിനെതിരെ നഗരസഭ നടപടിയെടുക്കാൻ ആരംഭിച്ചത്.
നേരത്തെ തിരുവനന്തപുരം നഗരത്തിൽ മാലിന്യം വലിച്ചെറിയുന്ന സംഭവങ്ങൾ നഗരസഭ കണ്ടെത്തി നടപടിയെടുത്തിരുന്നു. ആമയിഴഞ്ചാൻ തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി വിട്ടതിനെ തുടർന്ന് തമ്പാനൂരിൽ പ്രവർത്തിക്കുന്ന പോത്തീസ് സ്വർണ്ണ മഹൽ നഗര സഭ പൂട്ടിച്ചിരുന്നു. ഇതിന് പിന്നാലെ നഗരത്തിൽ വിവിധയിടങ്ങളിൽ മാലിന്യം വലിച്ചെറിയാൻ നടത്തിയ ശ്രമങ്ങൾ തിരുവനന്തപുരം നഗരസഭ സ്പെഷ്യൽ നൈറ്റ് സ്‌ക്വാഡിന്‍റെ ഇടപെടലിൽ കണ്ടെത്തി തടഞ്ഞിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടിയ കേസുകൾ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ആകെ 10 കേസുകളാണ് എടുത്തിട്ടുള്ളത്. ഫോർട്ട്, പൂന്തുറ, തമ്പാനൂർ പോലീസ് സ്റ്റേഷനുകളിൽ ഒന്ന് വീതവും വഞ്ചിയൂർ സ്റ്റേഷനിൽ അഞ്ചും, കന്റോൺമെന്റ് സ്റ്റേഷനിൽ രണ്ടും കേസുകൾ എടുത്തിട്ടുണ്ട്.