കൊച്ചി: ഇന്നലെ ഉദ്ഘാടനം ചെയ്ത കൊച്ചി വാട്ടർ മെട്രോയുടെ പൊതുജനങ്ങള്‍ക്കുള്ള സർവീസ് ഇന്ന് ആരംഭിക്കും. ഹൈക്കോടതി-വൈപ്പിൻ സർവീസാണ് ഇന്ന് തുടങ്ങുക. രാവിലെ ഏഴിന് ഹൈക്കോടതി വാട്ടർ മെട്രോ ടെർമിനലിൽ നിന്നും വൈപ്പിൻ വാട്ടർ മെട്രോ ടെർമിനലിൽ നിന്നും ബോട്ടുകൾ സർവീസ് ആരംഭിക്കും. 20 രൂപയാണ് ഈ റൂട്ടിലെ ടിക്കറ്റ് നിരക്ക്. തിരക്കുള്ള സമയങ്ങളിൽ ഹൈക്കോടതി-വൈപ്പിൻ റൂട്ടിൽ ഓരോ 15 മിനിറ്റിലും ബോട്ട് സർവീസ് ഉണ്ടാകും. രാത്രി എട്ടുവരെ സർവീസ് തുടരും. വൈപ്പിൻ വാട്ടർ മെട്രോ ടെർമിനലിൽ നിന്ന് വൈപ്പിൻ ദ്വീപ് നിവാസികൾക്കൊപ്പം ആദ്യ ബോട്ട് സർവീസിൽ എംഡി ലോക്നാഥ് ബെഹ്റയും ഇന്ന് രാവിലെ ചേരും.