ആലുവ : വിദേശത്തേക്ക് ജോലിക്കായി പോകുന്ന യുവതികൾ ആലുവയിലെ ലോഡ്ജുകളിൽ താമസിക്കുന്നതിനെ പറ്റി കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു. ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നുള്ള യുവതികളാണ് ആലുവയിൽ തങ്ങുന്നത്. ആലുവയിലെ ലോഡ്ജ് മുറികളിൽ ഒന്നിലേറെ യുവതികളാണ് ഒന്നിച്ചു താമസിക്കുന്നത്. യാത്ര അയയ്ക്കാനെത്തിയ കുടുംബവും ചിലർക്കൊപ്പമുണ്ട്.
നേരത്തേ റൂറൽ പോലീസ് നടത്തിയ പരിശോധനയിൽ ഇവരെ കണ്ടെത്തിയിരുന്നു. എന്നാൽ പാസ്പോർട്ടും യാത്രാ രേഖകളും കൃത്യമായതിനാൽ വിശദമായ അന്വേഷണം നടത്തിയില്ല. അതേസമയം മറ്റു സംസ്ഥാനങ്ങളിൽ വിമാനത്താവളങ്ങൾ ഉണ്ടായിട്ടും കൊച്ചി കേന്ദ്രീകരിച്ച് യുവതികളുടെ വലിയ സംഘം യാത്ര ചെയ്യുന്നത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തിയിരുന്നു. മനുഷ്യക്കടത്താണ് ഇതിനു പിന്നിലെന്നാണ് സംശയം.
വൻതോതിൽ പണം വാങ്ങി സ്ത്രീകളെ കൊച്ചിയിൽ എത്തിച്ച് വീട്ടുജോലിക്കായി വിദേശത്തേക്ക് കയറ്റി അയയ്ക്കുന്ന സംഘമാണ് ഇതിന് നേതൃത്വം നൽകുന്നതെന്നാണ് സൂചന. ആറു മാസത്തെ വിസിറ്റിങ് വിസയാണ് യുവതികൾക്ക് എടുത്തു നൽകുന്നത്. വിദേശത്ത് എത്തിയ ശേഷം ഇത് റദ്ദ് ചെയ്യുകയോ, മടങ്ങി വരാതെ രഹസ്യമായി താമസിപ്പിക്കുകയോ ചെയ്യും. കൃത്യമായ യാത്രാരേഖകളില്ലാതെ വിദേശത്ത് പിടിക്കപ്പെടുന്ന യുവതികൾക്ക് ജയിൽ ശിക്ഷ ലഭിക്കുകയോ, നാട് കടത്തുകയോ ചെയ്യും.