കോഴിക്കോട് : കോടഞ്ചേരി മിശ്രവിവാഹത്തില്‍ പാര്‍ട്ടി വിരുദ്ധ നിലപാടെടുത്ത തിരുവമ്പാടി മുന്‍ എംഎല്‍എയും കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗവുമായ ജോര്‍ജ് എം.തോമസിനെതിരെ സിപിഎം നടപടിയെടുത്തേക്കും. സംസ്ഥാന സമിതിയുടെ നിര്‍ദേശം അനുസരിച്ച് ബുധനാഴ്ചത്തെ ജില്ലാ സെക്രട്ടേറിയറ്റ് യോഗം അന്തിമ തീരുമാനമെടുക്കും.
മിശ്രവിവാഹത്തില്‍ ജോര്‍ജ് എം.തോമസ് എടുത്ത നിലപാട് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സിപിഎം നടപടിക്കൊരുങ്ങുന്നത്. വിദ്യാഭ്യാസം നേടിയ യുവതികളെ പ്രേമം നടിച്ച് മതം മാറ്റി വിവാഹം ചെയ്യാന്‍ നീക്കം നടക്കുന്നതായി പാര്‍ട്ടി രേഖകളിലുണ്ടെന്നായിരുന്നു ജോര്‍ജ് എം.തോമസിന്റെ പരാമര്‍ശം.
പാര്‍ട്ടി തള്ളിപ്പറഞ്ഞ ലവ് ജിഹാദ് യാഥാര്‍ഥ്യമാണെന്ന തരത്തിലുള്ള ഈ പരാമര്‍ശം ബിജെപി ഉള്‍പ്പെടെയുള്ളവര്‍ അയുധമാക്കുകയായിരുന്നു. ജോര്‍ജ് എം.തോമസിന്റെ വാക്കുകള്‍ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അടക്കമുള്ളവർ തള്ളി. തുടർന്ന് തനിക്കുണ്ടായ നാക്കുപിഴയാണെന്ന് ജോര്‍ജ് ഏറ്റുപറഞ്ഞെങ്കിലും നടപടിയുമായി മുന്നോട്ട് പോകാനാണ് പാർട്ടിയുടെ തീരുമാനം.