തിരുവനന്തപുരം : കോണ്‍ഗ്രസിനെതിരായ വിമര്‍ശനം ആവര്‍ത്തിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസ് ദേശീയ നേതൃത്വം ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട നേതാക്കളെ ഒതുക്കി. കീഴ്വഴക്കം മാറ്റാനുള്ള കാരണമെന്തെന്ന് കോണ്‍ഗ്രസ് വിശദീകരിക്കണം. തന്റെ വിമര്‍ശനം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് എതിരേയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി. രാഹുല്‍ ഗാന്ധി പറയുന്നത് ബിജെപി നേതാവ് മോഹന്‍ ഭാഗവതിന്റെ നിലപാട്. രാഹുല്‍ ഗാന്ധിയുടെ നിലപാട് ബിജെപിക്ക് അനുകൂലം. ഇതിനെതിരെയാണ് പ്രതികരിച്ചതെന്നും കോടിയേരി വ്യക്തമാക്കി. യുഡിഎഫ് കാലത്ത് ഭരണം നടത്തിയത് സാമൂദായിക ശക്തികളെന്നും അദ്ദേഹം വിമര്‍ശിച്ചു. മതേതരത്വം കാത്തുസൂക്ഷിക്കാനെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് ഹിന്ദുക്കളെ ഭരണം ഏല്‍പ്പിക്കാനാണ് കോണ്‍ഗ്രസ് പറയുന്നത്. ഇത് ഹിന്ദുക്കളുടെ രാജ്യമാണെന്ന് രാഹുല്‍ ഗാന്ധി പരസ്യമായി പറഞ്ഞു.
കേരളത്തില്‍ ക്രമസമാധാന തകര്‍ച്ചയില്ലെന്നാണ് കോടിയേരിയുടെ പ്രതികരണം. കണ്ണൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. പോലീസ് പരാജയമെന്നത് പ്രചരണം മാത്രമാണ്. ക്രമസമാധാന തകര്‍ച്ച കേരളത്തില്‍ ഇല്ല. കോട്ടയത്ത് നടന്ന സംഭവം ഞെട്ടിക്കുന്നതാണ്. ഇതില്‍ അതിശക്തമായ നടപടി സര്‍ക്കാരിന്റെ നിന്നുണ്ടാകും. വേണമെങ്കില്‍ പുതിയ നിയമനിര്‍മാണം നടത്തുകയും ചെയ്യും. ജനങ്ങളുടെ ജീവനും സ്വത്തിനും കാവലായി മാറാന്‍ നടപടി കൈകൊള്ളുമെന്നും കോടിയേരി വ്യക്തമാക്കി.