തിരുവനന്തപുരം : സില്‍വര്‍ലൈനിനെതിരെ പ്രതിപക്ഷം ഗൂഢപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഹൈസ്പീഡ് പദ്ധതി പ്രഖ്യാപിച്ച യുഡിഎഫ് സില്‍വര്‍ലൈനിനെ എതിര്‍ക്കുന്നത് ഇരട്ടത്താപ്പാണെന്ന് പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി വിമര്‍ശിക്കുന്നു. ലൈഫ് പദ്ധതിയെ പൊളിക്കാനും സൗജന്യ കിറ്റ് വിതരണത്തെ അവഹേളിക്കാനും ഇറങ്ങി കൈപൊള്ളിയ പ്രതിപക്ഷം സില്‍വര്‍ലൈന്‍ പദ്ധതിയുടെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് എല്‍ഡിഎഫ് സര്‍ക്കാരിനെ ഒറ്റപ്പെടുത്താനും പ്രതിസന്ധിയിലാക്കാനും വന്‍ ഗൂഢപ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളും നടത്തുകയാണ്. ഇംഎംഎസ് സര്‍ക്കാരിനെ വീഴ്ത്താന്‍ വിമോചനസമരം നടത്തിയ മാതൃകയില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വിമോചനസമരം നടത്താന്‍ കോണ്‍ഗ്രസ് മുതല്‍ ബിജെപി വരെയും ആര്‍എസ്എസ് മുതല്‍ ജമാഅത്തെ ഇസ്?ലാമി വരെയും കൈകോര്‍ക്കുകയാണ്.
ഈ പ്രതിലോമ രാഷ്ട്രീയ കൂട്ടുകെട്ടിനെ പരാജയപ്പെടുത്താന്‍ കേരള ജനതയെ പ്രബുദ്ധരാക്കി രംഗത്തിറക്കണം. ഇക്കാര്യത്തില്‍ പ്രത്യേക ക്യാമ്പയിന്‍ എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പം സിപിഎമ്മും നടത്തുമെന്നും കോടിയേരി പറയുന്നു. വിശദ പദ്ധതിരേഖ ആവശ്യപ്പെടുന്ന പ്രതിപക്ഷം അങ്ങനെയെങ്കില്‍ ആ രേഖ വരുംമുമ്പേ എന്തിനാണ് കാര്യമറിയാതെ പദ്ധതിയെ തള്ളിപ്പറയുന്നത്. ഇടതുപക്ഷം ഭരിക്കുമ്പോള്‍ കേരളം അത്രമേല്‍ വളരേണ്ട എന്ന മനോഭാവത്തിലാണ് മോദി ഭരണം. അതുകൊണ്ടാണ്, സില്‍വര്‍ലൈന്‍ പദ്ധതിയെ ആദ്യം പിന്തുണച്ച കേന്ദ്രം ഇപ്പോള്‍ ചുവടുമാറ്റിയിരിക്കുന്നത്.
കേന്ദ്രം യുപിയില്‍ ഉള്‍പ്പെടെ നടപ്പാക്കുന്ന അതിവേഗ റെയില്‍ പദ്ധതികള്‍ക്കെതിരെ രാഹുലോ പ്രിയങ്കയോ കോണ്‍ഗ്രസ് നേതാക്കളോ ഒരു സത്യഗ്രഹവും നടത്തുന്നില്ലെന്നും കോടിയേരി കുറ്റപ്പെടുത്തുന്നു.