പാലക്കാട്: സപ്ലൈകോ നെല്ല് സംഭരണ കേന്ദ്രങ്ങളിലും മില്ലുകളിലും വിജിലൻസ് നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. നെല്ല് സംഭരിക്കുമ്പോൾ കർഷകർക്ക് രസീതി നൽകുന്നില്ല, ശേഖരിക്കുന്ന സാംപിൾ ലാബിലേക്ക് പരിശോധനയ്ക്ക് അയക്കുന്നില്ല തുടങ്ങിയ ക്രമക്കേടുകളാണ് കണ്ടെത്തിയത്.
പാലക്കാട്, ആലത്തൂർ നെല്ല് വിപണന ഓഫീസ്, പാലക്കാട് ക്വാളിറ്റി അഷ്വറൻസ് ഓഫീസ്, തേങ്കുറിശ്ശി, മുതലമട എന്നിവിടങ്ങളിലെ മൂന്ന് സ്വകാര്യ മില്ലുകളിലുമായിരുന്നു പരിശോധന. വിജിലൻസ് ഡി വൈ എസ് പിയായ എം ഗംഗാധരന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് കൈമാറുമെന്ന് പരിശോധനാ സംഘം അറിയിച്ചു.