തിരുവനന്തപുരം : ചൈനയ്‌ക്കെതിരായ വിമര്‍ശനങ്ങളെ പ്രതിരോധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചൈന ആഗോളവല്‍ക്കരണ കാലത്ത് പുതിയ പാത വെട്ടിത്തെളിക്കുന്നു. താലിബാനോടുള്ള നിലപാട് ചൈനയുടെ അതിര്‍ത്തിയുമായി ബന്ധപ്പെട്ടതാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ചൈനയെപ്പറ്റി പറഞ്ഞ വിമര്‍ശനം ശരിയെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലാണ് കോടിയേരിയുടെ പരാമര്‍ശം. സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ക്കെതിരെ ശരിയായ നിലപാട് സ്വീകരിക്കാന്‍ സോഷ്യലിസ്റ്റ് രാഷ്ട്രമായ ചൈനയ്ക്കു കഴിയുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്ര പ്രമേയം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും അതില്‍ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനയെ പ്രകീര്‍ത്തിച്ചുള്ള സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ളയുടെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. ഇന്ത്യയിലെ ചൈനാ വിരുദ്ധ പ്രചാരണം കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ലക്ഷ്യമിട്ടാണെന്നും ചൈനയെ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ വളഞ്ഞിട്ട് ആക്രമിക്കുന്നു എന്നുമായിരുന്നു കോട്ടയം ജില്ലാ സമ്മേളനത്തില്‍ എസ്ആര്‍പിയുടെ വിമര്‍ശനം.
അതേസമയം, സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും. ജില്ലാ സെക്രട്ടറിയായി ആനാവൂര്‍ നാഗപ്പന്‍ തുടരും. ജില്ലാ കമ്മറ്റിയില്‍ 10 പുതുമുഖങ്ങള്‍ എത്താന്‍ സാധ്യതയുണ്ട്.