തിരുവനന്തപുരം : സി.പി.ഐ.എം സെമിനാറിൽ നിന്ന് നേതാക്കളെ വിലക്കുന്നത് കോൺഗ്രസിന്റെ ബി.ജെ.പി അനുകൂല നിലപാടിന്റെ ഭാഗമായാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസിന്റെ നടപടി രാഷ്ട്രീയ പാപ്പരത്തമാണ്. ബിജെപി പങ്കെടുക്കാത്തത് കൊണ്ടാണ് കോണ്‍ഗ്രസും പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാത്തത്. ഇടതുപക്ഷവിരുദ്ധ ചേരി ഉണ്ടാക്കാന്‍ ആര്‍എസ്എസ് സഹായം ഉറപ്പിക്കലാണ് ലക്ഷ്യം. പങ്കെടുക്കാൻ തയ്യാറായ നേതാക്കളെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി. വിലക്ക് ലംഘിച്ച് സിപിഐഎം സെമിനാറിൽ നേതാക്കൾ പങ്കെടുത്താൽ നടപടിയെടുക്കുമെന്നാണ് കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ പറയുന്നത്. തീരുമാനം ജനങ്ങളുടെ വികാരം മാനിച്ചാണ്.
സോണിയ ഗാന്ധിയുടെ അനുമതി ഉണ്ടെങ്കിൽ ശശി തരൂർ സെമിനാറിൽ പങ്കെടുക്കട്ടെ, അത് അദ്ദേഹത്തിൻ്റെ സൗകര്യമാണ്. സിപിഐഎം ജനങ്ങളെ കണ്ണീര് കുടിപ്പിക്കുകയാണ്. നേതാക്കൾ പങ്കെടുത്താൽ ജനത്തിന് വെറുപ്പായിരിക്കും. ഈ വികാരം മനസ്സിലാക്കിയാണ് വിലക്ക് ഏർപ്പെടുത്തിയതെന്നും കെ സുധാകരൻ കോഴിക്കോട് പറഞ്ഞു. സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്നത് കെ.പി.സി.സി വിലക്കിയതായി അറിയില്ലെന്ന ശശി തരൂരിന്‍റെ പ്രസ്താവന കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. വിലക്ക് ഏർപ്പെടുത്തിയതായി കെ സുധാകരൻ മാധ്യമങ്ങളോട് വിശദീകരിച്ച ശേഷം തരൂർ നടത്തിയ പ്രതികരണം ശരിയായില്ലെന്ന നിലപാടിലാണ് നേതൃത്വം. പാർട്ടി തീരുമാനത്തിന് വിരുദ്ധമായി ശശി തരൂർ സെമിനാറിൽ പങ്കെടുത്താൽ കെ.പി.സി.സി ഹൈക്കമാൻഡിനെ സമീപിച്ചേക്കും.
ശശി തരൂരിനെയും കെ വി തോമസിനെയുമാണ് സെമിനാറുകളിലേക്ക് സിപിഎം ക്ഷണിച്ചിരുന്നത്. കെ റെയിൽ അടക്കമുള്ള വിഷയങ്ങളിൽ പോര് നിലനിൽക്കുന്നതിനാൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് കെ.പി.സി.സി വിലയിരുത്തൽ.