തിരുവനന്തപുരം : ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള വിവാദ തിരുവാതിരക്കളിയില്‍ മുഖ്യമന്ത്രിയെ സ്തുതിച്ചുള്ള പാട്ട് പാര്‍ട്ടി സംസ്ഥാന, ജില്ലാ കമ്മിറ്റികള്‍ അംഗീകരിച്ചതല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. സമ്മേളനങ്ങളുടെ ഭാഗമായും മറ്റും സംഘടിപ്പിക്കുന്ന ഇത്തരം കാര്യങ്ങള്‍ എല്ലാം പാര്‍ട്ടി പരിശോധിച്ച് അംഗീകരിക്കുന്ന നിലയില്ല. ചില വ്യക്തികളെക്കുറിച്ചോക്കെ പാട്ടുകള്‍ വരാറുണ്ടല്ലോ. അങ്ങനെ സംഭവിച്ചതാണ്. ആ സന്ദര്‍ഭത്തില്‍ അതു പാടില്ലായിരുന്നുവെന്നു പാര്‍ട്ടി വ്യക്തമാക്കിക്കഴിഞ്ഞു. ചെയ്ത നടപടി തെറ്റാണ് എന്നു പറയുന്നതുതന്നെ തിരുത്തല്‍ പ്രക്രിയയാണ്. അത് ആവര്‍ത്തിക്കാന്‍ പാടില്ല എന്നാണ് അര്‍ഥം. മുഖ്യമന്ത്രിയെ സ്തുതിച്ച തിരുവാതിരക്കളിയും പി.ജയരാജനുമായി ബന്ധപ്പെട്ട വ്യക്തിപൂജ വിവാദവും തമ്മില്‍ ബന്ധമില്ലെന്ന് കോടിയേരി പറഞ്ഞു. പി.ജെ.ആര്‍മിയെ തള്ളിപ്പറഞ്ഞില്ല എന്നതായിരുന്നു അന്നത്തെ പ്രശ്‌നം. അത് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക് പേജില്‍ വന്നതാണ് പാര്‍ട്ടി ചൂണ്ടിക്കാണിച്ചതെന്നു കോടിയേരി പറഞ്ഞു.