തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ബാലകൃഷ്ണൻ മാറും. അനാരോഗ്യത്തെ തുടർന്നാണ് അദ്ദേഹം സെക്രട്ടറി സ്ഥാനത്ത് നിന്നും മാറുന്നത്. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇത് സംബന്ധിച്ച തീരുമാനമുണ്ടായതായാണ് വിവരം.
സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മുതിർന്ന നേതാക്കളായ ജനറൽ സെക്രട്ടറി സിതാറാം യെച്ചുരി, മുഖ്യമന്ത്രി പിണറായി വിജയൻ, പിബി അംഗം എംഎ ബേബി എന്നിവർ കോടിയേരിയുമായി ചർച്ച നടത്തി. എകെജി സെന്ററിന് മുന്നിലെ കോടിയേരിയുടെ ഫ്ലാറ്റിലേക്ക് എത്തിയാണ് മുതിർന്ന നേതാക്കൾ സെക്രട്ടറിയേറ്റ് ചേർന്നെടുത്ത യോഗ തീരുമാനം കോടിയേരിയെ അറിയിച്ചത്. ഇന്ന് ചേർന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കോടിയേരി പങ്കെടുത്തിരുന്നില്ല.
മുൻപുണ്ടായത് പോലെ ചികിത്സയുടെ പേരിൽ മാറി നിൽക്കാനില്ലെന്നും സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിയാമെന്നുമുള്ള നിലപാടാണ് കോടിയേരി നേതൃത്വത്തെ അറിയിച്ചിരുന്നത്. എന്നാൽ അവധിയിലേക്ക് പോയാൽ പോരെ എന്ന് നേതൃത്വം കോടിയേരിയോട് ആരാഞ്ഞു. എന്നാൽ ഒഴിയാമെന്നതിൽ കോടിയേരി ഉറച്ച് നിൽക്കുകയായിരുന്നുവെന്നാണ് വിവരം. നാളെ അദ്ദേഹം ചികിത്സക്കായി ചെന്നൈയിലേക്ക് പോകും.
കോടിയേരി മാറുന്ന ഒഴിവിലേക്ക് പാർട്ടിയുടെ തലപ്പത്തേക്ക് ആരാകും വരികയെന്നാണ് ഇനി ഉറ്റുനോക്കപ്പെടുന്നത്. താൽക്കാലികമായി ആക്ടിംഗ് സെക്രട്ടറിയെ തീരുമാനിക്കാനുള്ള ആലോചനയുമുണ്ട്. പിബി അംഗം എ വിജയരാഘവന്, എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്,കേന്ദ്രകമ്മിറ്റിയംഗം എകെ ബാലന്. പിബി അംഗം എംഎ ബേബി എന്നീ പേരുകളാണ് പരിഗണിക്കുന്നത്. പാർട്ടിക്ക് പുറമേ മന്ത്രിസഭയിൽ എന്തെങ്കിലും മാറ്റം വരുത്തണോ എന്നും ആലോചിക്കാൻ സാധ്യതയുണ്ട്.