കണ്ണൂർ: കോടിയേരി ബാലകൃഷ്ണൻ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്നത് ശരിയല്ലെന്നും അദ്ദേഹം തമാശ എന്ന മട്ടിൽ പറഞ്ഞതാണെന്നും കെ.കെ. ശൈലജ എം.എൽ.എ. കഴിഞ്ഞ ദിവസം കൊച്ചിയിൽ വാർത്താസമ്മേളനത്തിനിടെ കോടിയേരി നടത്തിയ വിവാദ പരാമർശത്തെ കുറിച്ചായിരുന്നു ലൈജയുടെ പ്രതികരണം. പാര്‍ട്ടി സംസ്ഥാന കമ്മറ്റിയില്‍ അമ്പത് ശതമാനം സ്ത്രീകളെ ഉള്‍പ്പെടുത്തുമോ എന്ന ചോദ്യത്തിന്, പാര്‍ട്ടിയെ തകര്‍ക്കാനാണോ നിങ്ങള്‍ നോക്കുന്നതെന്നായിരുന്നു മാധ്യമങ്ങളോട് കോടിയേരിയുടെ മറുചോദ്യം.
കോടിയേരി ബാലകൃഷ്ണനെ അറിയാത്തവർ ഈ നാട്ടിലില്ലെന്നും പൊതുസമൂഹത്തിൽ അദ്ദേഹത്തെക്കുറിച്ച് ആർക്കും എതിരഭിപ്രായം ഇല്ലെന്നും ശൈലജ പറഞ്ഞു. സ്ത്രീ വിരുദ്ധമായി അദ്ദേഹം പറഞ്ഞിട്ടില്ല. ഏതെങ്കിലും ഒരു തമാശ എന്ന മട്ടിൽ പറഞ്ഞത് സ്ത്രീവിരുദ്ധമാണ് എന്ന് പറയുന്നത് ശരിയല്ല. അദ്ദേഹം പാർട്ടി സെക്രട്ടറിയാണ്. പോളിറ്റ്ബ്യൂറോ അംഗമാണ്. അങ്ങനെ ഒരു പരാമർശം അദ്ദേഹത്തിൽ നിന്നും ഉണ്ടാവില്ല. ഈ കാര്യം കേരളീയസമൂഹത്തിന് ആകെ അറിയാം.
സമൂഹത്തിൽ സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടി ഏറ്റവും നന്നായി പ്രവർത്തിക്കുന്ന സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി സ്ത്രീ വിരുദ്ധ പരാമർശം ഒരിക്കലും നടത്തില്ല. നേതൃനിരയിലേക്ക് സ്ത്രീകൾ നന്നായിട്ട് മുന്നോട്ടുവരുന്നുണ്ട്. ആരെങ്കിലും സംസാരിക്കുന്നത് എന്തെങ്കിലും ഒരു വാചകം മാത്രം അടർത്തിയെടുത്ത് അങ്ങനെ പറയുന്നത് ശരിയല്ല -കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവേ ശൈലജ വ്യക്തമാക്കി.
പാര്‍ട്ടി സംസ്ഥാന കമ്മറ്റിയില്‍ അമ്പത് ശതമാനം സ്ത്രീകളെ ഉള്‍പ്പെടുത്തുമോ എന്ന ചോദ്യം കമ്മറ്റിയെ തകര്‍ക്കാനാണോ, അതോ പ്രയോഗികമായ നിര്‍ദേശം വെക്കാനാണോ എന്നായിരുന്നു കോടിയേരിയുടെ ചോദ്യം. ഇത് പ്രായോഗിക നിര്‍ദേശമല്ലെന്നും കോടിയേരി വിശദീകരിച്ചു. സ്ത്രീപുരുഷ സമത്വം വേണമെന്നും പുരുഷമേധാവിത്വം ഇല്ലാതാക്കണമെന്നും പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് കോടിയേരി ഈ മറുപടി പറഞ്ഞത്.