തിരുവനന്തപുരം: കൊല്ലം പരവൂരിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യയിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. അന്വേഷണം കൊല്ലം സിറ്റി ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ട് ജില്ല കമീഷണർ ഉത്തരവിറക്കി.
അനീഷ്യയുടെ മരണത്തിൽ സഹപ്രവർത്തകനും മേലുദ്യോഗസ്ഥനും പങ്കുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. സംഭവത്തിൽ ആരോപണ വിധേയർക്കെതിരെ നടപടി ആവശ്യപ്പെട്ട് അഭിഭാഷകർ ബുധനാഴ്ച കോടതി ബഹിഷ്കരിച്ചിരുന്നു. ഞായറാഴ്ചയാണ് അനീഷ്യ ജീവനൊടുക്കിയത്. പരവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ കൃത്യമായ നടപടിയെടുക്കാൻ സാധിച്ചിട്ടില്ലെന്നാണ് അനീഷ്യയുടെ കുടുംബത്തിന്റെ ആരോപണം.
വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. വ്യാഴാഴ്ച കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധത്തിനുള്ള തയാറെടുപ്പുകൾ നടക്കുന്നതിനിടെയാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയതായി കമീഷണർ ഉത്തരവിറക്കിയത്. എ.സി.പി സക്കറിയ മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.