കൊല്ലം: കൊല്ലത്തും കൊടുങ്ങല്ലൂരിലും ചാകരയായി മത്തി. ട്രോളിങ് നിരോധനത്തിന് പിന്നാലെ ചെറുവള്ളങ്ങളിലെ മല്‍സ്യബന്ധനം വ്യാപകമാകുന്നു. കൊല്ലത്തെ അഴീക്കല്‍, കൊടുങ്ങല്ലൂരിലെ അഴീക്കോട് തുറമുഖങ്ങളില്‍നിന്ന് കടലില്‍ പോയ വളളങ്ങള്‍ക്ക് മത്തി(ചാള) ചാകരയായിരുന്നു. കൊടുങ്ങല്ലൂരിലെ അഴീക്കോട് നിന്ന് മത്സ്യബന്ധനത്തിന് പോയ ഒരു വള്ളത്തിന് മാത്രം 30 ലക്ഷം രൂപയുടെ മത്തിയാണ് ലഭിച്ചത്.
ട്രോളിങ് നിരോധനം നിലവില്‍ വന്നശേഷം ആദ്യമായി കടലില്‍ പോയപ്പോഴാണ് അഴീക്കോട്ടെ വള്ളക്കാര്‍ക്ക് കൈനിറയെ മത്തി ചാകര ലഭിച്ചത്. കൊല്ലത്തെ ആലപ്പാട് – അഴിക്കല്‍ മത്സ്യബന്ധന തുറമുഖത്തും ചെറുകിട വള്ളങ്ങള്‍ നിറയെ മത്തിയുമായാണ് മടങ്ങിയെത്തിയത്. ട്രോളിങ്ങിന് മുമ്പ് കുട്ട കണക്കിനാണ് മത്സ്യം ലേലം ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ കിലോ കണക്കിനാണ് ലേലം. ഒരു കിലോ മത്തിക്ക് 200 രൂപക്ക് മുകളില്‍ വിലയാണ് അഴീക്കലില്‍ കഴിഞ്ഞ ദിവസം ലഭിച്ചത്.