തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണത്തെ ഉത്രാട ദിനത്തില്‍ ഏറ്റവും അധികം മദ്യം വിറ്റത് കൊല്ലത്തെ ആശ്രമം ഔട്ട്‍ലെറ്റില്‍ നിന്ന്. ഇവിടെ വിറ്റത് 106 കോടിയുടെ മദ്യമാണ്. തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ഔട്ട്‍ലെറ്റില്‍ വിറ്റത് 102 കോടിയുടെ മദ്യമാണ്. ഒട്ടം പിന്നില്‍ പോകാതെ ഇരിങ്ങാലക്കുടയിൽ 101 കോടിയുടെ മദ്യവും വിറ്റു. ചേർത്തല കോർട്ട് ജംഗഷനിലെ ഔട്ട്‍ലെറ്റില്‍ വിറ്റത് 100 കോടിയുടെ മദ്യമാണ്. 99.9 ലക്ഷം രൂപയുടെ മദ്യം വിറ്റുകൊണ്ട് പയ്യന്നൂർ ഔട്ട്‍ലെറ്റും ആദ്യ പട്ടികയില്‍ ഇടം നേടി.
സംസ്ഥാനത്ത് ഉത്രാടദിനത്തിൽ റെക്കോർഡ് മദ്യവിൽപ്പനയാണ് ഇത്തവണയുണ്ടായത്. 117 കോടിയുടെ മദ്യമാണ് ബെവ്ക്കോ വഴി വിറ്റത്. ഉത്രാടം വരെ ഏഴു ദിവസം സംസ്ഥാനത്ത് വിറ്റത് 624 കോടിയുടെ മദ്യമാണ്. രണ്ടു വർഷത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം ഓണം മലയാളികള്‍ അടിച്ചുപൊളിച്ചപ്പോള്‍ മദ്യവിൽപ്പനയും കുതിച്ചുയര്‍ന്നു. ഉത്രാട ദിനത്തിൽ മാത്രം വിറ്റത് 117 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷം ഉത്രാട ദിനത്തിലെ വില്‍പ്പന 85 കോടിയായിരുന്നു.
ഉത്രാടം വരെ ഏഴു ദിനത്തെ കണക്ക് നോക്കിയാൽ വില്‍പ്പന 624 കോടിയിലെത്തി. കഴിഞ്ഞ വഷം ഇതേ കാലയലഴിൽ മലയാളി കുടിച്ചത് 529 കോടിയുടെ മദ്യമാണ്. ഏഴു ദിവസത്തെ മദ്യവിൽപ്പനയിലൂടെ വിവിധ നികുതിയിനത്തിൽ സർക്കാർ ഖജനാവിലേക്കെത്തുക 550 കോടിയാണ്. നാല് ഔട്ട്‍ലെറ്റുകളിലെ വിൽപ്പന ഒരു കോടി കഴിഞ്ഞു. കഴിഞ്ഞ വർഷത്തേക്കാള്‍ മദ്യത്തിന്‍റെ വിലയിൽ മാറ്റമൊന്നുമുണ്ടായില്ല. എന്നാല്‍, കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുകയും ഔട്ട്‍ലെറ്റുകള്‍ പലതും സൗകര്യപ്രദമായ രീതിയിൽ മാറ്റി സ്ഥാപിച്ചതും നേട്ടമായെന്നാണ് വിലയിരുത്തല്‍.
ഒപ്പം എല്ലാ ബ്രാൻഡുകളും ഔട്ട്‍ലെറ്റുകളിൽ എത്തിക്കാനായതുമാണ് മദ്യവിൽപ്പന കൂടാൻ കാരണമായതെന്ന് ബെവ്കോ എംഡി യോഗേഷ് ഗുപ്ത പറഞ്ഞു. കുറഞ്ഞ നിരക്കിലുള്ള മദ്യത്തിന്‍റെ വിതരണം വിതരണക്കാർ നിർത്തിവച്ചത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. മദ്യവിതരണക്കാരുമായുള്ള ചർച്ചയെ തുടർന്ന് കുറഞ്ഞ നിരക്കിലുള്ള മദ്യവിതരണം ഓണക്കാലത്ത് പുനസ്ഥാപിച്ചതും വിൽപ്പന കൂടാൻ ഇടയാക്കി.