കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ബാറിൽ മദ്യപിക്കാനെത്തിയയാളെ കബളിപ്പിച്ച് സ്വര്‍ണ്ണാഭരണം മോഷ്ടിച്ച യുവാവ് പിടിയില്‍. വള്ളികുന്നം സ്വദേശി രാജീവാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് കരുനാഗപള്ളി അരമത്തുമഠത്തിലുള്ള ബാറില്‍ 52 കാരനായ ഡേവിഡ് ചാക്കോ എത്തിയത്.
മദ്യം വാങ്ങാൻ പോക്കറ്റിൽ നിന്നും പണം എടുക്കുന്നതിനിടയിൽ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ അടങ്ങിയ പൊതി രാജീവിൻ്റെ ശ്രദ്ധയിൽപ്പെട്ടു. ആഭരണം എങ്ങനെയും കൈക്കലാക്കണമെന്ന് രാജീവ് പദ്ധതിയിട്ടു. ഇതിനായി ഡേവിഡിനോട് സൗഹൃദം സ്ഥാപിച്ച് കൂടുതൽ മദ്യം വാങ്ങി നല്‍കി അബോധാവസ്ഥയിലാക്കി. തുടർന്ന് വീണ്ടും മദ്യം വാങ്ങുന്നതിനായി ഡേവിഡിന്‍റെ പോക്കറ്റില്‍ നിന്ന് പണം എടുക്കുകയാണെന്ന വ്യാജേന ആഭരണങ്ങൾ അടങ്ങിയ പൊതി മോഷ്ടിച്ചു. ശേഷം ബാറിൽ നിന്ന് കടന്നുകളഞ്ഞു.
ഡേവിഡ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി പോലീസ് അന്വേഷണം തുടങ്ങി. ബാറിലെയും സമീപത്തെയും സി. സി. ടി. വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാജീവിനെ പിടികൂടിയത്. ഇയാൾ കൂടുതൽ മോഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മറ്റൊരു സംഭവത്തിൽ മുംബൈ താനെയിലെ ജ്വല്ലറിയിൽ തോക്കുചൂണ്ടി കവർച്ചയ്ക്ക് എത്തിയ നാലംഗ സംഘത്തെ ജീവനക്കാരൻ വടികൊണ്ട് അടിച്ചോടിച്ചു. ഇതിൽ ഒരാളെ പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി.
തോക്ക് കണ്ട് ആദ്യം പതറിപ്പോയ ജീവനക്കാരൻ ഉടൻ ധൈര്യം വീണ്ടെടുത്തു. പിന്നെ കണ്ടത് നാടകീയമായ തിരിച്ചടിയായിരുന്നു. സമീപത്തുണ്ടായിരുന്ന ഒരു വടിയെടുത്ത് കൗണ്ടറും ചാടിക്കടന്ന് ജീവനക്കാരൻ അക്രമികളെ നേരിട്ടു. വടിയുടെ ചൂടറിഞ്ഞ സംഘം പുറത്തേക്ക് ഓടി. ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തിലെ ഒരാളെ പൊലീസും നാട്ടുകാരും ചേർന്ന് കീഴ്പ്‌പെടുത്തി