കൊല്ലം: കൊല്ലൂര്‍വിള സര്‍വ്വീസ് സഹകരണ ബാങ്ക് പ്രവര്‍ത്തന പരിധി ലംഘിച്ച് കോടികൾ വായ്പ്പ നൽകിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. പശു വളര്‍ത്തി ഉപജീവനം നടത്തുന്ന വെള്ളിമണ്‍ സ്വദേശി ബീനയുടെ പേരിൽ ബാങ്ക് നൽകിയത് രണ്ട് കോടി രൂപയാണ്. എന്നാൽ വായ്പ്പയുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടെന്നും ഇത് സംബന്ധിച്ച കേസ് ഹൈക്കോടതിയിൽ നിലനിൽക്കുകയാണെന്നും ബീന പറയുന്നു.
കൊല്ലൂര്‍വിള സര്‍വ്വീസ് സഹകരണ ബാങ്ക് മാര്‍ക്കറ്റ് വില നോക്കാതെയാണ് വൻ തുക വായ്പ നൽകിയത്. ബാങ്ക് പ്രവര്‍ത്തന മേഖല ലംഘിച്ച് വായ്പ്പ നൽകിയതും ഓഡിറ്റ് റിപ്പോര്‍ട്ടിൽ പ്രധാന ക്രമക്കേടായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കൊല്ലൂർവിള, കൈയ്യാലക്കൽ, പള്ളിമുക്ക്,അയത്തിൽ എന്നിവിടങ്ങളാണ് സഹകരണ ബാങ്കിന്റെ പ്രവർത്തന പരിധിയിൽ വരുന്നത്. ഇവിടങ്ങളിലെ സ്ഥിര താമസക്കാർക്ക് മാത്രമേ ബാങ്കിൽ അംഗത്വമെടുക്കാനും വായ്പയെടുക്കാനും അനുവാദമുള്ളൂ. ഇത് ലംഘിച്ചാണ് വായ്പ നൽകിയത്. ഇത്തരത്തിൽ 2016ൽ വെള്ളിമണ്‍ സ്വദേശിനിയായ ബീനയുടെ പേരിലുള്ള രണ്ട് സ്ഥലങ്ങൾ ഈട് വച്ച് എട്ടു പേരുടെ പേരിൽ ബാങ്ക് രണ്ടു കോടി രൂപ അനുവദിച്ചു. 2021 വരെ ഒരു രൂപ പോലും തിരിച്ചടച്ചില്ല. കോടികൾ വായ്പ്പയെടുത്ത ബീനയെ അന്വേഷിച്ച് സംഘം പോയി.
മുഖത്തലയിൽ പശുവിനെ വളര്‍ത്തി ഉപജീവനം നടത്തുകയാണ് ബീന. ബീനയുടെ പേരിൽ ഭര്‍ത്താവാണ് ലോണെടുത്തതെന്ന് ബാങ്ക് പറയുന്നു. കൊവിഡ് ബാധിച്ച് കുറച്ചു നാൾ മുന്പ് ഭര്‍ത്താവ് മരിച്ചു. ലോണിനെ കുറിച്ച് തനിക്ക് വ്യക്തതയില്ലെന്ന് ബീന പറഞ്ഞു. എന്നാൽ ബീന ഒരാൾക്ക് മാത്രമായല്ല ബാങ്ക് വായ്പ നൽകിയത്.
ബാങ്ക് പ്രവര്‍ത്തന മേഖല ലംഘിച്ച് നിരവധി പേര്‍ക്ക് ലോണ്‍ നൽകിയെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലെ കണ്ടെത്തൽ. വായ്പ്പ കുടിശ്ശികകൾ തിരിച്ചു പിടിക്കുന്നതിൽ ബാങ്കിന് വീഴ്ച്ചയുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം ബീനയുടെ ലോണുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് ബാങ്ക് ഭരണസമിതി പറയുന്നു. 2020-21 സാമ്പത്തിക വർഷത്തിലെ ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചതിനാൽ പ്രവര്‍ത്തന പരിധി ലംഘിച്ച് നൽകിയ ചില വായ്പ്പകൾ തീര്‍പ്പാക്കിയെന്നുമാണ് ബാങ്കിന്റെ വാദം.