കൊഹിമ: മേഘാലയാ മുഖ്യമന്ത്രിയായി കൊൻറാഡ് സാംഗ്മയും നാഗാലാൻഡ് മുഖ്യമന്ത്രിയായി നെഫ്യൂ റിയോയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇരു ചടങ്ങുകളിലും പ്രധാനമന്ത്രി പങ്കെടുക്കും. തുടർച്ചയായി രണ്ടാം തവണയാണ് സാംഗ്മ മുഖ്യമന്ത്രിയാകുന്നത്. ഷിലോങ്ങിൽ രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ 12 ക്യാബിനറ്റ് അംഗങ്ങളും സാംഗ്മയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യും. ക്യാബിനറ്റ് അംഗങ്ങളിൽ 8 പേർ എൻ പി പി യിൽ നിന്നും, രണ്ടുപേർ യുഡിപിയിൽ നിന്നും മറ്റ് രണ്ടുപേർ എച്ച് എസ് ഡി പി ബിജെപി പാർട്ടികളിൽ നിന്നുമായിരിക്കുമെന്ന് സാംഗ്മ അറിയിച്ചു. ഇരുപത്തിയാറു സീറ്റ് നേടിയാണ് എൻപിപി നാഗാലാൻഡിലെ ഏറ്റവും വലിയ ഒറ്റകക്ഷി ആയത്. സർക്കാർ രൂപീകരിക്കാൻ ഒരുങ്ങിയ എൻ പി പിക്ക് ആദ്യം പിന്തുണ അറിയിച്ചത് ബിജെപിയാണ്. ഏറ്റവും ഒടുവിൽ യുഡിപി, പിഡിഎഫ് പാർട്ടികൾ കൂടി പിന്തുണ അറിയിച്ചതോടെ 45 എംഎൽഎമാരുടെ പിന്തുണ എൻ പി പി നേടി. നാഗാലാൻഡിൽ 60 ൽ 37 സീറ്റും നേടിയ എൻഡിപിപി ബിജെപി സഖ്യത്തിന് മറ്റു പാർട്ടികൾ പിന്തുണ അറിയിച്ചതോടെ സംസ്ഥാനത്ത് പ്രതിപക്ഷം ഇല്ലാത്ത സർക്കാരായി മാറും. ഷിലോങ്ങിലെ സത്യപ്രതിജ്ഞയ്ക്കുശേഷമാകും പ്രധാനമന്ത്രി നേരെ കോഹിമയിലേക്ക് പോവുക.