പോങ്യാങ്: റഷ്യ-യുക്രെയ്ന്‍ പ്രശ്‌നത്തില്‍ പ്രതികരണവുമായി ഉത്തരകൊറിയ. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തില്‍ ആദ്യമായാണ് ഉത്തരകൊറിയ പ്രതികരിക്കുന്നത്. റഷ്യയുടെ അധിനിവേശത്തിന്റെ പ്രധാന കാരണം അമേരിക്കയാണെന്ന് ആരോപിച്ചു. യുക്രൈന്‍ അധിനിവേശത്തില്‍ റഷ്യക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ പരമാവധി പ്രതിരോധിച്ചാണു ഉത്തരകൊറിയ പ്രതികരിച്ചത്.
യുക്രൈനിലെ പ്രതിസന്ധിയുടെ അടിസ്ഥാന കാരണം യുഎസിന്റെ അപ്രമാദിത്തവും ഏകപക്ഷീയ നിലപാടുകളുമാണെന്ന് ഉത്തര കൊറിയയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറയുന്നു. യുക്രൈന്‍ വിഷയത്തില്‍ അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും റഷ്യക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുമ്പോഴാണ് ഉത്തരകൊറിയയുടെ പ്രതികരണം. യുക്രൈന്‍ പ്രതിസന്ധിക്കു കാരണം അമേരിക്കയാണെന്നു പറഞ്ഞതിലൂടെ റഷ്യയുടെ പ്രീതി പിടിച്ചുപറ്റാനാണ് ഉത്തരകൊറിയയുടെ ശ്രമമെന്ന് വിദേശകാര്യ വിദഗ്ധര്‍ പറഞ്ഞു.
ഉത്തര കൊറിയയുടെയും റഷ്യയുടെയും പ്രധാന സഖ്യരാജ്യമായ ചൈനയും യുഎസിനെ കുറ്റപ്പെടുത്തുന്ന നിലപാടാണു സ്വീകരിച്ചത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും അമേരിക്കയും കാനഡയുമടക്കമുള്ള ലോക രാജ്യങ്ങള്‍ റഷ്യ്ക്കും പുട്ടിനുമെതിരെ ഉപരോധങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്്. ഉപരോധം തുടര്‍ന്നിട്ടും യുദ്ധത്തില്‍നിന്നു പിന്മാറുമെന്ന സൂചന റഷ്യയുടെ നല്‍കിയിട്ടില്ല.