കോതമംഗലം: കഴിഞ്ഞ കുറെ ദിവസമായി കവളങ്ങാട് പഞ്ചായത്തിലെ വിവിധ മേഖലകളിൽ ഭീതി സൃഷ്ടിച്ച ആനകളെ തുരത്തുന്നതിന് ശ്രമമാരംഭിച്ചു.പ്രത്യേക പരിശീലനം ലഭിച്ച ആർ.ആർ ടീമിന്റെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ്, അഗ്നിരക്ഷ സേന, മെഡിക്കൽ സംഘം, പ്രദേശവാസികൾ എന്നിവർ പ്രത്യേക സംഘമായി തിരിഞ്ഞാണ് പ്രവർത്തിക്കുന്നത്.പെരുമണ്ണൂർ, ഉപ്പുക്കുളം, കാപ്പിച്ചാൽ, ഇരുപ്പംകാനം, നടയച്ചാൽ മേഖലകളിൽ വ്യാഴാഴ്ച രാവിലെ മുതലാണ് ആനകളെ കാട്ടിലേക്ക് തുരത്തുന്നതിന് ശ്രമം ആരംഭിച്ചത്. ആൻറണി ജോൺ എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സിബി മാത്യു, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലിസി ജോളി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.എച്ച്. നൗഷാദ്, കോതമംഗലം റെയ്ഞ്ച് ഓഫീസർ പി.എ. ജലീൽ, ഊന്നുകൽ എസ്.എച്ച്.ഒ രതീഷ് ഗോപാലൻ, പഞ്ചായത്ത് അംഗങ്ങളായ ഉഷ ശിവൻ, ജിൻസി മാത്യു, രാജേഷ് കുഞ്ഞുമോൻ എന്നിവരും സ്ഥലത്ത് സന്നിഹിതരായിരുന്നു.