കോട്ടയം: ശബരിമല തീർഥാടന കാലത്ത് പാചകവാതക വിലയും പലചരക്ക് സാധനങ്ങളുടെ വിലയും വർധിച്ചത് ഹോട്ടൽ മേഖലയെ പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടെ 300ലധികം രൂപയുടെ വർധനയാണ് പാചകവാതക വിലയിൽ ഉണ്ടായത്.19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 1840 രൂപയാണ് വ്യാഴാഴ്ച വില. 102 രൂപയാണ് ഈമാസം ഒന്നിന് കൂടിയത്. ഒക്ടോബർ ഒന്നിന് 200 രൂപ കൂട്ടിയിരുന്നു. സബ്സിഡി മൂന്നുമാസം മുമ്പ് നിർത്തിയതും ഹോട്ടലുടമകൾക്ക് ആഘാതമായി. ഇതിനിടയിലാണ് പലചരക്കു സാധനങ്ങളുടെ വില കുതിക്കുന്നത്. 90 രൂപയുണ്ടായിരുന്ന വൻപയറിന് 120 ആയി. 120 രൂപയുണ്ടായിരുന്ന ചെറുപയർ 130ലെത്തി. കടല ദിവസങ്ങൾക്കു മുമ്പ് 70 രൂപ ആയിരുന്നു. ഇപ്പോൾ 90 ആയി. പരിപ്പ്- 95, ഉഴുന്ന്- 145, ജീരകം- 750, പഞ്ചസാര- 43, ഗ്രീൻപീസ്- 110, വെളുത്തുള്ളി- 180, ചെറിയുള്ളി- 110 തുടങ്ങിയവയാണ് വില. ശബരിമല സീസൺ തുടങ്ങുന്നതിന്റെ പ്രതീക്ഷയിലായിരുന്നു ഹോട്ടലുകൾ. ഉഴുന്ന്, പയർ, കടല തുടങ്ങിയവക്കൊക്കെ വലിയ ആവശ്യമുള്ള ഈ സമയത്ത് വില കൂടിയത് ഇവരെ നിരാശയിലാക്കുന്നു.വില കൂടിയതിന്റെ പേരിൽ വിഭവങ്ങൾ ഒഴിവാക്കാനും കഴിയാത്ത അവസ്ഥയാണ്. പച്ചക്കറികൾക്കും വില കൂടുതലാണ്. മുരിങ്ങക്ക 100, പയർ- 80, ബീൻസ്- 90 തുടങ്ങിയവയാണ് വില.