കോട്ടയം: സൈബർ ആക്രമണം നേരിട്ട യുവതി ആത്മഹത്യ ചെയ്ത കേസിലെ പ്രതി അരുൺ വിദ്യാധരനെ(32) മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട്ടെ ലോഡ്ജിലാണ് അരുണിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം സ്വദേശിയായ രാജേഷ് എന്ന പേരിലാണ് അരുൺ ലോഡ്ജിൽ മുറിയെടുത്തത്.കഴിഞ്ഞ തിങ്കളാഴ്ചയാണ് സുഹൃത്തായിരുന്ന അരുണിന്റെ സൈബർ ആക്രമണത്തിൽ മനംനൊന്ത് കോട്ടയം കോതനല്ലൂർ സ്വദേശിയായ വി.എം. ആതിര (26) ആത്മഹത്യ ചെയ്തത്.
സൈബർ ആക്രമണം സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് യുവതി മരിച്ചത്. അരുണിനെ പൊലീസ് തെരയുന്നതിനിടെയാണ് സംഭവം. ലോഡ്ജ് മുറിയിൽ നിന്ന് അരുണിന്റെ തിരിച്ചറിയൽ കാർഡും പൊലീസ് കണ്ടെത്തി.
കോട്ടയത്തെ ഐ.ടി കമ്പനിയിൽ ജോലി ചെയ്യുന്ന ആതിരയും കോതനല്ലൂർ സ്വദേശി അരുൺ വിദ്യാധരനും നേരത്തേ സൗഹൃദത്തിലായിരുന്നു. അരുണിനെക്കുറിച്ച് കൂടുതൽ അറിഞ്ഞതോടെ ആതിര രണ്ടുവർഷം മുമ്പ് ഇയാളുമായി അകന്നതായി ബന്ധുക്കൾ പറഞ്ഞു. അടുത്തിടെ ആതിരക്ക് വിവാഹാലോചനകൾ വന്നിരുന്നു. ഞായറാഴ്ച ഒരു ആലോചന വരുകയും ഇവർ ഇഷ്ടപ്പെട്ട് പോകുകയും ചെയ്തു. തുടർന്നാണ് അരുൺ ആതിരക്കൊപ്പമുള്ള ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും മോശമായി ചിത്രീകരിക്കുകയും ചെയ്തത്.
ഇതറിഞ്ഞ ആതിര മാനസിക വിഷമത്തിലായി. തുടർന്ന് സഹോദരി സൂര്യ ഭർത്താവ് ആശിഷ്ദാസിനെ അറിയിക്കുകയും ഇദ്ദേഹത്തിന്റെ നിർദേശപ്രകാരം ഞായറാഴ്ച വൈകീട്ട് യുവതി കടുത്തുരുത്തി സ്റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്തു. പൊലീസ് രാത്രി തന്നെ യുവാവിനെ ഫോണിൽ ബന്ധപ്പെട്ടു. അടുത്ത ദിവസം രാവിലെ സ്റ്റേഷനിലെത്താൻ ആവശ്യപ്പെടുകയും ചെയ്തു. എത്താമെന്ന് യുവാവ് സമ്മതിച്ചതായും പൊലീസ് അറിയിക്കുന്നു.
പരാതി നൽകിയശേഷവും യുവാവ് സൗഹൃദകാലത്തെ വാട്സ്ആപ് ചാറ്റുകളും മറ്റും പുറത്തുവിട്ട് ആക്ഷേപിച്ചു. ഇതോടെ ആതിര മാനസിക സമ്മർദത്തിലായിരുന്നു. വീട്ടുകാർ വിഷമിക്കേണ്ടെന്നും താൻ ഒന്നും ചെയ്യില്ലെന്നും പറഞ്ഞ് ആതിര സന്തോഷത്തോടെയാണ് രാത്രി ഉറങ്ങാൻ പോയതെന്നാണ് ബന്ധുക്കൾ പറയുന്നത്. രാവിലെ ജോലിക്കു പോകാൻ ആതിരയെ മാതാവ് വിളിച്ചുണർത്തിയിരുന്നു. അൽപനേരം കൂടി കിടക്കട്ടെയെന്നു പറഞ്ഞ് വാതിലടച്ചു. ഒരു മണിക്കൂറായിട്ടും കാണാതെ വന്നതോടെ വീണ്ടും വിളിച്ചു. തുറക്കാതായതോടെ വാതിൽ തല്ലിപ്പൊളിച്ച് അകത്തുകടന്നപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്.
(ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ആത്മഹത്യ ചിന്തകൾ മനസിൽ വരുമ്പോൾ 1056, 0471-2552056 എന്നീ നമ്പറുകളിൽ വിളിക്കുക.)