കോട്ടയം : വൈദികൻ ഇലപ്പനാൽ ഫാ.ജേക്കബ് നൈനാന്റെ വീട്ടിലെ മോഷണവുമായി ബന്ധപ്പെട്ട് മൂത്ത മകൻ ഷൈനോയെ പൊലീസ് അറസ്റ്റ് ചെയ്തു. വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെന്നും ഇതു പരിഹരിക്കാനാണ് സ്വന്തം വീട്ടിൽ നിന്നുതന്നെ മോഷ്ടിക്കേണ്ടി വന്നതെന്നും പ്രതി പാമ്പാടി പൊലീസിനു മൊഴി നൽകി. വീടിനോടു ചേർന്ന ഷൈനോയുടെ സ്ഥാപനത്തിലാണ് മോഷ്ടിച്ച പണം സൂക്ഷിച്ചിരുന്നത്. മോഷ്ടിച്ച സ്വർണം ചെറിയ പാത്രത്തിലാക്കി കുഴിച്ചിട്ട നിലയിലായിരുന്നു. പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
തൃക്കോതമംഗലം സെന്റ് മേരീസ് ബത്‌ലഹം പള്ളി വികാരി കൂരോപ്പട പുളിമൂട് ഇലപ്പനാൽ ഫാ. ജേക്കബ് നൈനാന്റെ വീട്ടിലാണ് ചൊവ്വാഴ്ച വൈകിട്ടു മോഷണം നടന്നത്. ഫാ. ജേക്കബും ഭാര്യ സാലിയും പള്ളിയിൽപോയിതിരിച്ചെത്തുന്നതിനിടെയായിരുന്നു മോഷണം. 48 പവൻ സ്വർണവും 80,000 രൂപയും നഷ്ടപ്പെട്ടിരുന്നു. ഇതിൽ 21 പവൻ വീടിനോടു ചേർന്ന ഇടവഴിയിൽനിന്നു തിരിച്ചുകിട്ടി. കട്ടിലിനടിയിൽ സൂക്ഷിച്ച താക്കോൽ എടുത്ത് അലമാര തുറന്നാണു പണവും ആഭരണങ്ങളും എടുത്തത്.
മോഷണം നടത്തിയത് സ്ഥിരം മോഷ്ടാക്കളല്ലെന്നും വീടിനെയും വീട്ടുകാരെയും പറ്റി നല്ല ധാരണയുള്ളവരാണു കുറ്റവാളിയെന്നു പൊലീസ് ഉറപ്പിച്ചിരുന്നു. മോഷണം നടത്തി പരിചയമുള്ള സംഘമാണെങ്കിൽ താഴെ വീണുപോകാത്ത തരത്തിൽ ആഭരണങ്ങൾ കൊണ്ടു പോകുമായിരുന്നുവെന്നാണു കണക്കുകൂട്ടൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷൈനോയെ പൊലീസ് ചോദ്യം ചെയ്തത്. സ്ഥിരം മോഷ്ടാവ് അല്ലാത്തതുകൊണ്ടുതന്നെ പൊലീസ് ചോദ്യം ചെയ്യലിൽ ഷൈനോ കുറ്റം സമ്മതിക്കുകയായിരുന്നു.