മുംബൈ : മഹാരാഷ്ട്രയില്‍ കൊവിഡ് മൂന്നാം തരംഗം അതിരൂക്ഷമാവുന്നു. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 41434 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തോട് അടുത്തു. രാത്രികാല കര്‍ഫ്യൂ അടക്കം സംസ്ഥാനത്ത് നാളെ മുതല്‍ നിയന്ത്രണങ്ങള്‍ കടുക്കും. സംസ്ഥാനത്തെ പ്രതിദിന രോഗികളില്‍ പാതിയും മുംബൈയില്‍ നിന്നാണ്. തുടര്‍ച്ചയായ മൂന്നാം ദിനവും രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്ത് രോഗികളുടെ എണ്ണം 20000 കടന്നു. സമ്പൂര്‍ണ ലോക്ഡൗണ്‍ അവസാന മാര്‍ഗമെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ മറ്റ് നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. രാത്രി കര്‍ഫ്യൂ നാളെ മുതല്‍ കര്‍ശനമായി നടപ്പാക്കും. 10,12 ക്ലാസുകള്‍ ഒഴികെ സ്‌കൂളുകളും കോളേജുകളും ഫെബ്രുവരി 15വരെ അടച്ചിട്ടും.
പാര്‍ക്കുകള്‍, മ്യൂസിയങ്ങള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ജിം, സ്വിമ്മിംഗ് പൂളുകള്‍ തുടങ്ങിയവയും അടയ്ക്കും. സ്വകാര്യ സ്ഥാപനങ്ങളോട് വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറാനോ ഓഫീസിലെ ഹാജര്‍ 50 ശതമാനമാക്കാനോ ആവശ്യപ്പെട്ടു. രോഗികളുടെ എണ്ണം കൂടിയെങ്കിലും കാര്യമായ ചികിത്സ ആവശ്യമായി വരുന്നവരുടെ എണ്ണം 10 ശതമാനം പോലുമില്ലെന്നതാണ് മൂന്നാം തരംഗത്തില്‍ ആശ്വാസം. മുംബൈയില്‍ 35,803 കൊവിഡ് ബെഡുകളാണ് തയ്യാറാക്കി വച്ചിരിക്കുന്നത്. ഇതില്‍ 7234 ബെഡുകളിലാണ് നിലവില്‍ രോഗികളുള്ളത്. അതായത് 80 ശതമാനത്തോളം ബെഡുകള്‍ ഇപ്പോഴും ഒഴിവുണ്ട്. സ്വകാര്യ ആശുപത്രികളിലാണ് കിടക്കകള്‍ക്ക് കൂടുതല്‍ ആവശ്യക്കാരുള്ളത്. ഈ വിഭാഗത്തില്‍ 60 ശതമാനത്തോളം ബെഡുകള്‍ നിറഞ്ഞു. മറ്റ് അസുഖങ്ങള്‍ക്കായി വന്ന ശേഷം കൊവിഡ് സ്ഥിരീകരിക്കുകയും ചികിത്സ ആവശ്യമില്ലാതിരുന്നിട്ടും ആശുപത്രിയില്‍ തുടരുന്നവരും ഇതില്‍ വലിയൊരു ശതമാനമുണ്ട്.