കോഴിക്കോട്: ജില്ലയിൽ തുടര്‍ച്ചയായി രണ്ട് ദിവസം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ അതീവ ജാഗ്രത. ഓഗസ്റ്റ് മൂന്ന്, നാല് തീയതികളിലാണ് കോഴിക്കോട്ട് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അതിതീവ്രമഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ തീരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും, മലയോരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ ഡോ. എൻ.തേജ് ലോഹിത് റെഡ്ഢി അറിയിച്ചു.
മുൻകരുതലെന്ന നിലയിൽ അടുത്ത നാല് ദിവസത്തേക്ക് കോഴിക്കോട് ജില്ലയിലെ ക്വാറികൾ അടച്ചിടും. പാറപൊട്ടിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളച്ചാട്ടങ്ങളും നദീതീരമുള്ളതുമായ ടൂറിസം കേന്ദ്രങ്ങൾ അടച്ചിടാനും അധികൃതര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. 2019-ലെ പ്രളയത്തിൽ കോഴിക്കോട് ജില്ലയിൽ വലിയ നാശമുണ്ടായിരുന്നു ഈ സാഹചര്യത്തിൽ വേണ്ട മുൻകരുതലെടുക്കാനാണ് ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദ്ദേശം. നിലവിൽ ജില്ലയിൽ താലൂക്കുകളിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. മഴ കടുത്താൽ കൂടുതൽ ദുരിതാശ്വാസ ക്യാംപുകൾ തുറക്കാനാണ് തീരുമാനം.
ഇനിയുള്ള ദിവസങ്ങളിൽ കേരളത്തിൽ കാലാവർഷം ശക്തമാകാൻ സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. തുടക്കത്തിൽ തെക്കൻ കേരളത്തിൽ ശക്തമാകുന്ന കാലവർഷം തുടർന്ന് വടക്കൻ കേരളത്തിലേക്കും വ്യാപിക്കുമെന്നാണ് പ്രവചനം. ആഗസ്റ്റ് മൂന്ന് ബുധൻ, നാല് വ്യാഴം എന്നീ ദിവസങ്ങളിൽ കേരളത്തിൽ കൂടുതൽ ജാഗ്രത വേണ്ടി വരും. ഈ ദിവസങ്ങളിൽ സംസ്ഥാനത്താകെ അതി ശക്തമായ മഴക്ക് സാധ്യതയുണ്ട്.
അതി തീവ്ര / അതി ശക്തമായ മഴ സാധ്യതയുള്ളതിനാൽ മലയോര മേഖലയിൽ മണ്ണിടിച്ചിൽ / ഉരുൾ പൊട്ടൽ സാധ്യത വർധിക്കും .താഴ്ന്ന പ്രദേശങ്ങളിൽ വെള്ളകെട്ടിനും സാധ്യതയുണ്ട്. നദീ തീരങ്ങളിൽ കൂടുതൽ ജാഗ്രത. ഈ ദിവസങ്ങളിൽ യാത്രകൾ പ്രത്യേകിച്ച് മലയോര മേഖലയിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കുക