കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേട് കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകും. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാനുള്ള നീക്കം നടക്കുന്നുണ്ട്. അറസ്റ്റിലായ പ്രതികള്‍ക്ക് കൂടുതല്‍ ക്രമക്കേടുകളില്‍ പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നത്.
അറസ്റ്റിലായവരില്‍ നിന്ന് കിട്ടിയ വിവരങ്ങള്‍ വെച്ച് പൊലീസ് കൂടുതള്‍ തെളിവുകള്‍ ശേഖരിക്കുകയാണ്. നിലവില്‍ ഒരു കേസിലാണ് അറസ്റ്റ്. മറ്റ് അഞ്ച് കേസുകളില്‍ കൂടി ഇവര്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇത് വ്യക്തമായി സ്ഥിരീകരിക്കാന്‍ ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
കോര്‍പറേഷന്‍ ഉദ്യോഗസ്ഥരായ രണ്ട് പ്രതികള്‍ക്ക് എതിരെ വകുപ്പ് തല നടപടി ഉടന്‍ ഉണ്ടാകും. സംഭവത്തില്‍ നേരത്തെ നാല് ജീവനക്കാരെ കോര്‍പറേഷന്‍ സസ്പെന്‍റ് ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ അറസ്റ്റിലായവര്‍ ഇവരിലാരുമല്ല. കെട്ടിട നമ്പര്‍ ക്രമക്കേടിന് ഏറെ വ്യാപ്തി ഉണ്ടെന്ന കണക്കൂക്കൂട്ടലിലാണ് പൊലീസ്. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു, രാമനാട്ടുകര നഗരസഭയിലും പാസ് വേര്‍ഡ് ദുരുപയോഗം ചെയ്ത് അനധികൃതമായി കെട്ടിട നമ്പര്‍ നല്‍കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് നഗരസഭ സെക്രട്ടറി പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. പരാതിയില്‍ വ്യക്തത ഇല്ലാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി നല്‍കിയ ശേഷം കേസ് രജിസ്റ്റര്‍ ചെയ്യും. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നഗരസഭക്ക് മുന്നില്‍ ഡിവൈഎഫ്ഐ പ്രതിഷേധിച്ചു. പ്രതിപക്ഷമായ എല്‍ഡിഎഫ് നഗരസഭ യോഗത്തില്‍ വാക്കൗട്ട്നടത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തു.