കോഴിക്കോട് : കോഴിക്കോട് തളിയിൽ ബംഗാൾ സ്വദേശിയായ സ്വർണ്ണ വ്യാപാരിയെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തലശ്ശേരി സ്വദേശികളായ ധനേഷ്, സുജനേഷ്, റോഷൻ ആർ ബാബു എന്നിവരാണ് അറസ്റ്റിലായത്. ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടവരാണ് പ്രതികൾ. 2021 സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം. നഗരത്തിലെ സ്വർണ്ണ ഉരുക്ക് കേന്ദ്രത്തിൻ്റെ ഉടമയായ ബംഗാൾ സ്വദേശിയായ റംസാൻ അലിയെ നാലു ബൈക്കുകളിലായി എത്തിയ എട്ടംഗ സംഘം ആദ്യം ആക്രമിക്കുകയായിരുന്നു. സ്ഥാപനത്തിൽ നിന്നും ബൈക്കിലേക്ക് കയറുമ്പോൾ ഇയാളെ ചവിട്ടി താഴെയിട്ടാണ് കൈവശം ഉണ്ടായിരുന്ന സ്വർണം കവർന്നത്. പാൻ്റിൻ്റെ പോക്കറ്റിൽ കടലാസിൽ പൊതിഞ്ഞാണ് സ്വർണം സൂക്ഷിച്ചിരുന്നത്. അക്രമിക്കൾ സ്വർണ്ണം കവർന്നതോടെ റംസാൻ അലി കരഞ്ഞു ബഹളം വെച്ചപ്പോൾ ഓയെത്തിയ നാട്ടുകാരാണ് വിവരം പോലീസിൽ ആദ്യം അറിയിച്ചത്. വിവരമറിഞ്ഞ് പോലീസ് ഫ്ലൈയിങ് സ്ക്വാഡ് ഉടനെ തന്നെ സ്ഥലത്തെത്തിയെങ്കിലും കവർച്ചക്കാർ കടന്നിരുന്നു.