കരിപ്പൂർ : സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ ഗൾഫിൽനിന്ന് നാട്ടിലേക്കുമടങ്ങുന്ന പ്രവാസികളേറി. ഇതോടെ വിമാനക്കമ്പനികൾ നിരക്കുയർത്താനും തുടങ്ങി. ഈമാസം പതിനായിരം രൂപയിൽ താഴെയുണ്ടായിരുന്ന ടിക്കറ്റ് നിരക്കുകൾ അഞ്ചിരട്ടിയോളം വർധിച്ചിട്ടുണ്ട്. ഈമാസം ദുബായ്-കോഴിക്കോട് ടിക്കറ്റ് നിരക്ക് 10,000 മുതൽ 40,000 വരെയായിരുന്നു. അതു മാർച്ചിൽ 48,930 മുതൽ 1,95,960 രൂപ വരെയായി ഉയർന്നു. 10,000 മുതൽ 20,000 വരെയുണ്ടായിരുന്ന അബുദാബി-കോഴിക്കോട് ടിക്കറ്റ് നിരക്ക് 15,000 മുതൽ 1,50,000 വരെയെത്തി. 6000 മുതൽ 30,000 വരെയുണ്ടായിരുന്ന ഷാർജ-കോഴിക്കോട് ടിക്കറ്റ് നിരക്ക് രണ്ടുലക്ഷം രൂപ വരെയായി. മറ്റു ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള ടിക്കറ്റ് നിരക്കുകളിലും വലിയതോതിലുള്ള വർധനയുണ്ട്.
ഇവിടെ നിർബന്ധിത ക്വാറന്റീൻ ചട്ടം പിൻവലിച്ചതോടെയാണ് പ്രവാസികൾ നാട്ടിലേക്കുമടങ്ങാൻ താത്പര്യം കാണിച്ചുതുടങ്ങിയത്. കോവിഡ് വ്യാപനം കുറഞ്ഞതും നാട്ടിലേക്കുവരാൻ പ്രവാസികളെ പ്രേരിപ്പിക്കുന്നു. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും അടുത്തയാഴ്ചയോടെ തിരക്ക് കൂടുമെന്നാണ് കണക്കുകൂട്ടൽ. മാർച്ച് മൂന്നാംവാരത്തോടെ യു.എ.ഇ.യിലും മറ്റും പുതിയ അധ്യയനവർഷം ആരംഭിക്കാനിരിക്കെ, കുടുംബമൊന്നിച്ചു യാത്രചെയ്യുന്നവരുടെ എണ്ണവും ഉയർന്നേക്കും. രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് കോവിഡ് പരിശോധന നടത്താതെ ഇന്ത്യയിലെത്താൻ ലഭിച്ച പുതിയ അനുമതി ട്രാവൽ, ടൂറിസം മേഖലയ്ക്ക് കൂടുതൽ ഉണർവേകും. എന്നാൽ ഇതിനായി തയ്യാറാക്കിയ 82 രാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇ.യും കുവൈത്തും ഇല്ല. വൈകാതെ ഈ രണ്ടു രാജ്യങ്ങളെയും ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷ.