കോഴിക്കോട്: കോഴിക്കോട് ഹോട്ടൽ ഉടമ സിദ്ദിഖ് കൊല്ലപ്പെട്ട കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കും. തുടരന്വേഷണം നടത്തിയ നടക്കാവ് പൊലീസ് ആണ് കുറ്റപത്രം സമർപ്പിക്കുന്നത്. തിരൂർ സ്വദേശിയായ ഹോട്ടൽ ഉടമയെ കൊന്ന് പെട്ടിയിലാക്കി ചുരത്തിൽ തള്ളിയ കേസിലാണ് അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കുന്നത്. മെയ് 18 നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. കേസിൽ ഷിബിലി ,ഫർഹാന, ആഷിക് എന്നിങ്ങനെ മൂന്നു പ്രതികളുണ്ട്. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കുറ്റപത്രം സമർപ്പിക്കുക. കൊല്ലാൻ ഉപയോഗിച്ച ചുറ്റിക, കട്ടർ, രക്തംപുരണ്ട തുണി ഉൾപ്പെടെ ഉള്ള തെളിവുകൾ കോടതിയിൽ ഹാജരാക്കും. സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും പൊലീസ് കോടതിയിൽ സമർപ്പിക്കും. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, മോഷണം തുടങ്ങി വിവിധ വകുപ്പുകൾ ആണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.