കോഴിക്കോട് : കോടഞ്ചേരിയില്‍ ക്രിസ്ത്യന്‍ മതത്തില്‍പെട്ട യുവതിയെ മുസ്‌ലിം സമുദായംഗമായ ഡിവൈഎഫ്െഎ നേതാവ് വിവാഹം കഴിച്ച സംഭവത്തിൽ ഇന്നു സിപിഎമ്മിന്റെ നിലപാട് അറിയാം. കോടഞ്ചേരിയില്‍ വൈകിട്ട് അഞ്ചിനാണ് വിശദീകരണയോഗം.
അതേസമയം, ലൗ ജിഹാദ് നിര്‍മിത കള്ളമാണെന്നു ഡിവൈഎഫ്ഐ പ്രതികരിച്ചു. സെക്കുലര്‍ വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കും. സമസ്ത മേഖലയിലും തീവ്രവാദം പിടിമുറുക്കുന്ന കാലത്തു ഷെജിനും ജോയ്സ്ന മേരി ജോസഫും പുതുതലമുറയ്ക്കു മാതൃകയാണെന്നും ഫെയ്സ്ബുക് പോസ്റ്റില്‍ ഡിവൈഎഫ്ഐ വ്യക്തമാക്കി. വിവാഹം, ലൗ ജിഹാദ് ആണെന്ന് ആരോപിച്ചു യുവതിയുടെ ബന്ധുക്കളടക്കമുള്ളവര്‍ പൊലീസ് സ്റ്റേഷനിലേക്കു മാര്‍ച്ച് നടത്തിയിരുന്നു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തടവിലാക്കിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. അതേസമയം താമരശേരി കോടതിയില്‍ ഹാജരായ ജോയ്‌സ്‌നയെ ഷെജിനൊപ്പം പോകാന്‍ കോടതി അനുവദിച്ചു.
ശനിയാഴ്ചയാണ് മുസ്‌ലിം സമുദായത്തില്‍പെട്ട ഷെജിനും ക്രിസ്ത്യന്‍ സമുദായത്തില്‍പെട്ട ജോയ്‌സ്‌നയും വിവാഹം കഴിച്ചത്. ഷെജിന്‍ മതസൗഹാര്‍ദം തകര്‍ത്തെന്നും ഒരു സമുദായത്തെ വേദനിപ്പിച്ചെന്നും മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവുമായ ജോര്‍ജ് എം.തോമസ് ആരോപിച്ചു. ഷെജിനെതിരെ നടപടിയെടുക്കാനും ആലോചിക്കുന്നുണ്ട്. അതേസമയം ജോര്‍ജ് എം.തോമസിന്റ നിലപാടിനെതിരെ പാര്‍ട്ടിക്കുള്ളിലും സമൂഹമാധ്യമങ്ങളിലും വിമര്‍ശനം ഉയർന്നു.