വെള്ളിമാടുകുന്ന് : കോഴിക്കോട് ലോ കോളേജ് വിദ്യാർത്ഥിനി താമസസ്ഥലത്ത് ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹതയേറുന്നു. വിദ്യാർത്ഥിയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ ആൺസുഹൃത്തിനായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. ഫെബ്രുവരി 24നായിരുന്നു പെൺകുട്ടിയെ വാപ്പോളിത്താഴത്തെ വാടകവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് ലോ കോളേജ് മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിനി മൗസ മെഹ്റിൻ ആണ് മരിച്ചത്. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബവും നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
മൗസയുടെ മരണത്തിന് പിന്നാലെ ആൺസുഹൃത്ത് ഒളിവിലാണെന്നാണ് വിവരം. മൗസയുടെ മൊബൈൽ ഫോണും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതിനിടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തതോടെയാണ് ഉച്ചയ്ക്ക് മൗസ ക്ലാസിൽ നിന്ന് ഇറങ്ങിയെന്നും സഹപാഠിയുമായി സംസാരിച്ചിരിക്കുന്നത് കണ്ടുവെന്നും പോസിന് വിവരം ലഭിച്ചത്. പിന്നാലെ വീട്ടിലെത്തിയ മൗസ ജീവനൊടുക്കുകയായിരുന്നു. കോവൂർ സ്വദേശിയായ ആളാണ് മൗസയുടെ കാമുകൻ എന്നാണ് നിഗമനം. ഇയാൾ വിവാഹിതനാണെന്നും സൂചനയുണ്ട്. മൗസയുടെ ഫോൺ ഇയാൾ കൊണ്ടുപോയതാണോ എന്നതിലും അന്വേഷണം പുരോഗമിക്കുകയാണ്.