പന്തീരാങ്കാവ്> കൊറിയർ കമ്പനിയുടെ പേരിൽ നടന്ന ലക്ഷങ്ങളുടെ വൻതട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ കർണാടക പോലീസ് പിടികൂടിയവരിൽ കോഴിക്കോട് ഒളവണ്ണയിലെ മുസ്ലീം ലീഗ് പ്രാദേശിക നേതാവും. ഒളവണ്ണ സ്വദേശിയും മുസ്ലീംലീഗ് പഞ്ചായത്ത് കമ്മറ്റി അംഗവുമായ മുല്ലപ്പള്ളി ആഷിഖി(45)നെ മാത്തറയിലെ വീട്ടിലെത്തിയാണ് കർണാടക പോലീസ് സംഘം പിടികൂടിയത്. 2012ൽ കളക്ടർക്കു നേരെ വധശ്രമം നടത്തിയ കേസിലെ പ്രതികൂടിയാണ് മുല്ലപ്പള്ളി ആഷഖ്.
അന്വേഷണ ഉദ്യോഗസ്ഥരെന്ന് ചമഞ്ഞ് ഭീഷണിപ്പെടുത്തി തട്ടിപ്പ് നടത്തുന്ന മുല്ലപ്പള്ളി ആഷിഖ് ഉൾപ്പെട്ട സംഘത്തെ കഴിഞ്ഞ ദിവസമാണ് കേരളത്തിലെത്തി കർണാക പോലീസ് അറസ്റ്റ് ചെയ്തത്. ആഷിഖ് അടക്കം ഏഴു മലയാളികളും കർണാടക, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ് സ്വദേശികളുമാണ് അറസ്റ്റിലായത്.
കൊറിയർ മാർഗം മയക്കുമരുന്ന് വരുന്നുണ്ടെന്നു പറഞ്ഞാണ് തട്ടിപ്പിനിരയായവരെ ഇവർ ഭീഷണിപ്പെടുത്തിയിരുന്നത്. കോഴിക്കോട് സ്വദേശി എം പി നൗഷാദ്, മലപ്പുറം സ്വദേശികളായ അർഷദ്, കെ റിയാസ്, കെ പി നൗഫൽ, മുഹമ്മദ് റാസി, മുഹമ്മദ് നിംഷാദ് എന്നിവരാണ് പിടിയിലായ മറ്റു മലയാളികൾ. ഇവരെയും കർണാടക പോലീസ് കേരളത്തിൽനിന്നാണ് പിടികൂടിയത്. കർണാടക ഭട്കൽ സ്വദേശികളായ അസീം അഫൻഡി, മുഹമ്മദ് സലീം ഷെയ്ഖ്, ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശി കൻസിഭായ് റബാനി, രാജസ്ഥാൻ പാലി സ്വദേശികളായ ദിലീപ് സോണി, രമേഷ്‌കുമാർ, ലളിത് കുമാർ, രാജ്‌കോട്ട് ജാംനഗർ സ്വദേശി മഖാനി കരീംലാൽ കമറുദ്ദീൻ എന്നിവരെയും ബെംഗളൂരു പോലീസിന്റെ പ്രത്യേക സംഘവും സൈബർ ക്രൈംപോലീസും ചേർന്ന് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
തട്ടിപ്പിനിരയായി പണം നഷ്ടമായവരിൽ ഒട്ടേറെ മലയാളികളാണുള്ളത്. പരാതിക്കാർ കൂടിയതോടെ ബെംഗളൂരു പോലീസ് പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിക്കുകയായിരുന്നു. വിവിധ സംഘങ്ങളായി തിരിഞ്ഞ് പോലീസ് നടത്തിയ അന്വേണമാണ് പ്രതികളിലേക്കെത്തിച്ചത്. തട്ടിപ്പിനു പിന്നിൽ രാജ്യാന്തര ബന്ധമുണ്ടെന്നാണ് പോലീസിന്റെ നിഗമനം.