കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ആശുപത്രി വികസന സമിതിക്കുകീഴിൽ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ കേസിൽ പ്രതിയെ പിടികൂടാൻ കഴിയാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു. ഈ മാസം ആറിന് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടും ഇതുവരെ പൊലീസിന് പ്രതിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. മെഡിക്കൽ കോളജിലെ ജീവനക്കാരൻ എന്ന് പരിചയപ്പെടുത്തി പൊക്കുന്ന് തച്ചയിൽപറമ്പ് വി. ദിദിൻകുമാർ പലരിൽനിന്നും ലക്ഷങ്ങൾ തട്ടിയെന്നാണ് പരാതി. പ്രതിയുടെ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് പാസ്പോർട്ട് അടക്കമുള്ള രേഖകൾ കണ്ടെത്തുകയും പ്രതിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തിരുന്നു.
പ്രതി 2021ൽ മെഡിക്കൽ കോളജിൽ താൽക്കാലിക ജീവനക്കാരനായി ജോലി നോക്കിയിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിരുന്നു. പാസ്പോർട്ട് കണ്ടെത്തിയതിനാൽ തന്നെ ഇയാൾ രാജ്യം വിട്ടിട്ടില്ലെന്നാണ് പൊലീസ് നിഗമനം. ദിദിൻ പണം തട്ടിയെന്ന പരാതിയുമായി മെഡിക്കൽ കോളജ്, ചേവായൂർ, അത്തോളി, നല്ലളം, പന്തീരാങ്കാവ്, ഫറോക്ക് എന്നീ പൊലീസ് സ്റ്റേഷനുകളിൽ ദിദിൻ കുമാറിനെതിരെ തട്ടിപ്പിനിരയായവർ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 40ലധികം പേരിൽനിന്ന് ഇയാൾ പണം തട്ടിയെന്നാണ് പ്രാഥമിക വിവരം. പരാതി കൊടുത്തവർപോലും പരസ്യമായി പ്രതികരിക്കാൻ തയാറാവാത്തതും കേസിന്റെ മെല്ലെപ്പോക്കിന് ഇടയാക്കുന്നു.
ഭാര്യക്ക് ഡേറ്റ എൻട്രി ഓപറേറ്റർ ജോലി ശരിപ്പെടുത്താമെന്ന് ഉറപ്പുനൽകി ദിദിൻ 3,76000 രൂപ തട്ടിയതായി കുരുവട്ടൂർ സ്വദേശി പറഞ്ഞു. പന്തീരാങ്കാവ് സ്വദേശിയിൽനിന്ന് 375000 രൂപയും തട്ടിയിട്ടുണ്ട്. ഇത്തരത്തിൽ പലരിൽ നിന്നായി ഒന്നരക്കോടിയോളം രൂപ തട്ടിയതായാണ് വിവരം. ബാലുശ്ശേരി, പൂനൂർ, മുക്കം, കൊടുവള്ളി ഭാഗങ്ങളിൽ നിന്നുള്ളവരെല്ലാം തട്ടിപ്പിനിരയായിട്ടുണ്ട്. ബാലുശ്ശേരി എം.എൽ.എ സച്ചിൻ ദേവിന്റെ സഹപാഠിയാണ്, അടുത്ത ബന്ധമുണ്ട്, ആരോഗ്യ മന്ത്രിയുടെ ഓഫിസിൽ സ്വാധീനമുണ്ട് തുടങ്ങിയ അവകാശവാദങ്ങൾ പറഞ്ഞാണ് പാർട്ടി പ്രവർത്തകനായ ഇയാൾ ആളുകളിൽനിന്ന് പണം തട്ടിയത്. തട്ടിപ്പിനിരയായവരിൽ നല്ലൊരു ശതമാനവും പാർട്ടി പ്രവർത്തകരും അനുഭാവികളുമാണ്. പ്രതി മുങ്ങിയതറിഞ്ഞ് ദിദിൻ കുമാറിന്റെ വീട്ടിലെത്തിയ തങ്ങളോട് തന്റെ മകനെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നുപറഞ്ഞ് പിതാവ് ഭീഷണിപ്പെടുത്തിയതായും തട്ടിപ്പിനിരയായവർ പറഞ്ഞു.