കോഴിക്കോട്: കുത്തിവെയ്‌പ്പിനെ തുടർന്ന് യുവതി മരിച്ചത് അനഫലാക്‌സിസ് എന്ന ഗുരുതര അലർജി മൂലമെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. കൂടരഞ്ഞി ച വലപ്പാറ കൂളിപ്പാറ സിന്ധു (45) ആണ് വ്യാഴാഴ്ച രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.
കുത്തിവെപ്പിനെ തുടർന്നുണ്ടായ അലർജിയാണ് മരണകാരണമെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട് ലഭിച്ചതായി അന്വേഷണ ചുമതലയുള്ള അസി. കമ്മീഷണർ കെ സുദർശൻ പറഞ്ഞു. ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം അടുത്ത ദിവസമേ ലഭിക്കുകയുള്ളൂ. ഇതും കൂടി ലഭിച്ചാലേ മരുന്ന് മാറിയിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരൂ എന്നും അദ്ദേഹം പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. കുത്തിവെയ്‌പ്പ് നൽകിയ നഴ്‌സ്, ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് ജീവനക്കാർ എന്നിവരുടെ മൊഴി അടുത്ത ദിവസങ്ങളിൽ എടുക്കും. പനിബാധിതയായ സിന്ധുവിനെ ബുധനാഴ്ച വൈകീട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എലിപ്പനിയുടെയും ഡങ്കി പനിയുടെയും ലക്ഷണം കാണിച്ചതിനാൽ പരീക്ഷണാർത്ഥം ചെറിയ ഡോസ് ക്രിസ്റ്റലൈൻ പെൻസിലിൽ ഇഞ്ചക്ഷൻ നൽകി.രാത്രി മുഴുവൻ ഡോസും ഒമ്പത് മണിക്കൂറിന് ശേഷം മറ്റൊരു ഡോസും നൽകി.
ഈ സമയത്താണ് അസ്വസ്ഥത വന്നതും മരണമടഞ്ഞതും. ആദ്യ ഡോസ് നൽകുമോൾ അലർജി ഇല്ലങ്കിലും അപൂർവ്വം ചിലരിൽ രണ്ടാം തവണയോ മൂന്നാംതവണയോ ഈ മരുന്ന് നൽകുമ്പോൾ അലർജി ഉണ്ടായി മരണമുണ്ടാകാറുണ്ടെന്നാണ് ആശുപത്രി അധികൃതർ വിശദീകരിക്കുന്നു.