സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻ ബത്തേരിയിൽ ന്യൂജെനറേഷൻ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. കോഴിക്കോട് ഒളവണ്ണ സ്വദേശി ലബീബുൽ മുബാറക് ആണ് പിടിയിലായത്. സുൽത്താൻ ബത്തേരി സെൻട്രൽ ടൂറിസ്റ്റ് ഹോമിൽ നിന്നാണ് മുബാറക്കിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വയനാട് എസ്പിയുടെ സ്വാഡും ബത്തേരി പൊലീസും ചേർന്നാണ് അറസ്റ്റ് നടത്തിയത്.
യുവാവിൽ നിന്നും 115 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. ഓണത്തിനോട് അനുബന്ധിച്ച് ജില്ലയിൽ പ്രത്യേക പരിശോധനകള്‍ നടന്നുവരികയായിരുന്നു. ഇതിന്‍റെ ഭാഗമായാണ് ടൂറിസ്റ്റ് ഹോമിലും റെയ്ഡ് നടന്നത്. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും ബത്തേരി വഴി കേരളത്തിലേക്ക് വ്യാപകമായി ലഹരി മരുന്ന് എത്തുന്നുണ്ടെന്നാണ് എക്സൈസിന്‍റേയും പൊലീസിന്‍റേയും കണ്ടെത്തൽ. ജില്ലയിൽ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.
അതിനിടെ കൊച്ചി പെരുമ്പാവൂരിൽ വിദ്യാർത്ഥികളിൽ നിന്നും ലഹരിമരുന്ന് പിടികൂടി. പെരുമ്പാവൂർ അറക്കപ്പടിയിൽ കോളേജ് വിദ്യാർത്ഥികളിൽ നിന്നാണ് മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും കണ്ടെടുത്തത്. വിദ്യാർത്ഥികൾ വാടകയ്ക്ക് താമസിക്കുന്ന റൂമിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. മൂന്നാം വർഷ ബിബിഎ വിദ്യാർത്ഥികളായ നെവിൻ മാത്യൂ, റിച്ചു റെജി, എൽബിൻ മാത്യു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസും ഡാൻസാഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് ലഹരി മരുന്നുമായി വിദ്യാർത്ഥികളെ പിടികൂടിയത്.