നാദാപുരം : ഗ്രാമപ്പഞ്ചായത്തിൽ ലഭിച്ച വരുമാന സർട്ടിഫിക്കറ്റുകളിൽ വ്യാജൻ കണ്ടെത്തിയ സംഭവത്തിൽ നാദാപുരം പോലീസ് അന്വേഷണം തുടങ്ങി. സാമൂഹിക സുരക്ഷാ പെൻഷൻപദ്ധതിയുടെ ഭാഗമായി നാദാപുരം ഗ്രാമപ്പഞ്ചായത്തിൽ സമർപ്പിച്ച വരുമാന സർട്ടിഫിക്കറ്റുകളിൽ 10 എണ്ണമാണ് വ്യാജനാണെന്ന് കണ്ടെത്തിയത്. നാദാപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘമാണ് സംഭവത്തിന്റെ പിന്നിലെന്നാണ് പോലീസിന് ലഭിച്ച വിവരം.നാദാപുരം വില്ലേജ് ഓഫീസറുടെ പരാതിയിൽ നാദാപുരം പോലീസാണ് അന്വേഷണം നടത്തുന്നത്. സംഭവത്തിന് പിന്നിൽ ഓൺലൈൻ സ്ഥാപനങ്ങളുടെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്.ഗ്രാമപ്പഞ്ചായത്തിൽ വരുമാനസർട്ടിഫിക്കറ്റുകൾ കൂട്ടത്തോടെ എത്തിയതോടെയാണ് ഗ്രാമപ്പഞ്ചായത്ത് അധികൃതർക്ക് സംശയം തോന്നിയത്.