കോഴിക്കോട്: നിപ ഭീഷണിയെത്തുടർന്ന് ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച മുഴുവൻ പ്രദേശങ്ങളിലെയും നിയന്ത്രണങ്ങൾ പിൻവലിച്ചു. ഒക്ടോബർ ഒന്നുവരെ ജില്ലയിൽ പൊതുപരിപാടികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരും. കോഴിക്കോട് താലൂക്കിലെ ചെറുവണ്ണൂരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച കോർപറേഷൻ വാർഡുകളിലെയും ഫറോക്ക് മുനിസിപ്പാലിറ്റിയിലെയും മുഴുവൻ വാർഡുകളിലെയും നിയന്ത്രണമാണ് ഇപ്പോൾ നീക്കംചെയ്തത്.നിപ ആദ്യം കണ്ടെത്തിയ വടകര താലൂക്കിൽ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച മുഴുവൻ വാർഡുകളിലെയും നിയന്ത്രണങ്ങൾ കഴിഞ്ഞ 21നുതന്നെ നീക്കംചെയ്തിരുന്നു. ചെറുവണ്ണൂരിൽ രോഗബാധ സ്ഥിരീകരിച്ച ആളുടെ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന മുഴുവൻ പേരുടെയും സാമ്പിളുകളിൽ പോസിറ്റിവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്തതിനെതുടർന്നാണ് നിയന്ത്രണം പിൻവലിക്കാൻ തീരുമാനിച്ചത്.
പോസിറ്റിവ് ആയവരുമായി അടുത്ത സമ്പർക്കമുണ്ടായതിനെത്തുടർന്ന് ക്വാറന്റീനിൽ കഴിയുന്നവർ ആരോഗ്യവകുപ്പിന്റെ നിർദേശം ലഭിക്കുന്നതുവരെ ക്വാറന്റീനിൽതന്നെ തുടരണമെന്ന് കലക്ടർ എ. ഗീത അറിയിച്ചു. അതേസമയം, ജില്ലയിൽ ഒക്ടോബർ ഒന്നുവരെ പൊതുപരിപാടികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരും. പൊതുപരിപാടികൾ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. ജില്ലയിൽ പൊതുവായി ഏർപ്പെടുത്തിയ ജാഗ്രത തുടരണമെന്നും കലക്ടർ അറിയിച്ചു.