കോഴിക്കോട് : കോഴിക്കോട് കായണ്ണയിൽ പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. മുസ്ലീം ലീഗ് പ്രതിനിധിയായ പി സി ബഷീറിന്‍റെ വീടിന് നേർക്കാണ് സ്ഫോടക വസ്തു എറിഞ്ഞത്. പുലർച്ചെ 2.45ഓടെയാണ് സംഭവം നടന്നത്. നാടൻ ബോംബുകളാണ് എറിഞ്ഞത്. ആക്രമണത്തിൽ വീടിന്‍റെ ജനൽച്ചില്ലുകൾ തകർന്നു.
മൂന്ന് ബോംബുകള്‍ എറിഞ്ഞതിൽ ഒരെണ്ണമാണ് പൊട്ടിത്തെറിച്ചത്. വീട്ടുമുറ്റത്തുണ്ടായിരുന്ന കാറിന് കേടുപാട് പറ്റാത്തതിനാൽ വൻ അപകടം ഒഴിവായി. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പേരാമ്പ്ര പൊലീസ് അന്വേഷണം തുടങ്ങി. ക്വട്ടേഷൻ സംഘങ്ങളുടെ ആക്രമണമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് ഉച്ചവരെ കായണ്ണയിൽ യുഡിഎഫ് ഹർത്താൽ നടത്തുകയാണ്.