കോഴിക്കോട്: പച്ചക്കറികൾക്ക് വില ഉയർന്ന സാഹചര്യത്തിൽ ജില്ലയിൽ ഹോര്‍ട്ടികോർപ്പിന്റെ സഞ്ചരിക്കുന്ന പച്ചക്കറിവണ്ടി പര്യടനം ആരംഭിച്ചു. ജില്ലയില്‍ കോഴിക്കോട് നഗരത്തിലും വടകരയിലുമാണ് വാഹനങ്ങള്‍ സഞ്ചരിക്കുക. വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായാണ് പച്ചക്കറിവണ്ടികള്‍ രംഗത്തിറങ്ങുന്നത്.
ഗുണമേന്മയുള്ള പച്ചക്കറികള്‍ക്കൊപ്പം പച്ചക്കറിക്കിറ്റും ലഭ്യമാണ്. 200 രൂപ നിരക്കില്‍ 13 ഇനങ്ങള്‍ ഉള്‍പ്പെടുത്തി നാല് കിലോ തൂക്കമുള്ള കിറ്റുകളാണ് നല്‍കുക. സംസ്ഥാനത്താകെ 23 വണ്ടികളാണ് ഹോര്‍ട്ടികോര്‍പ് രംഗത്തിറക്കുന്നത്. രണ്ടാം ഘട്ടത്തില്‍ പച്ചക്കറിക്ക് പുറമേ മറ്റുൽപന്നങ്ങളും വിപണിയിലെത്തിക്കും.
നിലവില്‍ കുതിച്ചുയരുകയാണ് പച്ചക്കറിവില. അഞ്ച് മുതല്‍ 60 രൂപവരെ വിലക്കുറവിലാണ് ഹോര്‍ട്ടികോർപ്പില്‍ പച്ചക്കറികള്‍ വില്‍ക്കുന്നത്. വിലക്കയറ്റംമൂലം നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് ആശ്വാസമാണ് ഹോര്‍ട്ടികോര്‍പ്പിന്റെ പച്ചക്കറിച്ചന്ത. ഒട്ടുമിക്ക പച്ചക്കറികളുടേയും വില 100 കടന്നിരിക്കുകയാണ്.
ഉണ്ടമുളക് 120 രൂപ, ബീന്‍സ് 110 രൂപ, തക്കാളി 120, മല്ലിയില 150, ചെറിയ ഉള്ളി 115, വെളുത്തുള്ളി 155 എന്നിവയാണ് നൂറ് കടന്നത്. എന്നാല്‍, ഹോര്‍ട്ടികോർപ്പില്‍ തക്കാളി 77 രൂപ, ഉണ്ടമുളക് 109, ബീന്‍സ് 84, മല്ലിയില 135, ചെറിയ ഉള്ളി 99, വെളുത്തുള്ളി 140 എന്നിങ്ങനെയാണ് വില. ഇത് കൂടാതെ വെള്ളിയാഴ്ച ചന്തയും നടത്തുന്നുണ്ട്.
അതേസമയം, പച്ചക്കറിവില കുതിച്ചതോടെ സ്റ്റോക്കെടുപ്പ് കുറച്ചിരിക്കുകയാണ് കച്ചവടക്കാര്‍. പാളയത്തെ മൊത്തക്കച്ചവടക്കാര്‍ ഒരു ദിവസം 500 ബോക്സ് തക്കാളി ഇറക്കുന്നത് 200 ആക്കി കുറച്ചിട്ടുണ്ട്. വിലക്കയറ്റം മൂലം ആളുകൾ പച്ചക്കറി അളവ് കുറച്ചിരിക്കുകയാണ്.
മൈസൂരു, ബംഗളൂരു, പൊള്ളാച്ചി എന്നിവിടങ്ങളില്‍ നിന്നാണ് ജില്ലയിലേക്ക് കൂടുതലായും പച്ചക്കറി എത്തുന്നത്. പച്ചക്കറി കയറ്റിയിറക്കുന്ന ചില സംസ്ഥാനങ്ങളില്‍ മഴ കൂടിയതും ചിലയിടങ്ങളിലുണ്ടായ മഴക്കുറവും പച്ചക്കറി ഉൽപാദനത്തെ ബാധിച്ചതാണ് വിലക്കയറ്റത്തിനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്.