കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയിൽ കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റിമാത്രം പിരിച്ചുവിട്ടതിൽ മുസ്‌ലിം ലീഗിൽ അമർഷം പുകയുന്നു. വിഭാഗീയതയാണ് തോൽവിക്ക് കാരണമെന്ന് കണ്ടെത്തിയ മറ്റ് മണ്ഡലങ്ങളിൽ പ്രശ്നപരിഹാരത്തിന് സമിതിയെ നിയോഗിച്ചപ്പോൾ എന്തുകൊണ്ടാണ് സൗത്ത് കമ്മിറ്റി മാത്രം പിരിച്ചുവിട്ടതെന്നാണ് ഭാരവാഹികൾ ചോദിക്കുന്നത്. പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷൻ പിരിച്ചുവിടാൻ ശുപാർശ ചെയ്തിട്ടില്ല. കമ്മിറ്റി രൂപവൽകരിച്ചപ്പോൾത്തന്നെ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിന് ഭാരവാഹികളോടുണ്ടായ വിയോജിപ്പാണ് പിരിച്ചുവിടലിന് പിന്നിലെന്നാണ് പ്രാദേശികനേതാക്കൾ ആരോപിക്കുന്നത്. വോട്ടിങ്ങിലൂടെയാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. പക്ഷേ താൻ അനുകൂലിക്കുന്നവർ പരാജയപ്പെട്ടതുകൊണ്ട് ഭാരവാഹികളെ പ്രഖ്യാപിക്കാൻ പോലും കാത്തുനിൽക്കാതെയാണ് അന്ന് രൂപവത്കരണ യോഗത്തിൽനിന്ന് പി.എം.എ. സലാം ഇറങ്ങിപ്പോയതെന്നും ഇവർ ആരോപിക്കുന്നു. പി.എം. അബൂബക്കറും ബി.വി. അബ്ദുള്ളക്കോയയുമുൾപ്പെടെയുള്ളവരുടെ സമകാലികനായിരുന്ന എസ്.വി. ഉസ്മാൻകോയയാണ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ്. പിരിച്ചുവിട്ടത് അദ്ദേഹത്തെപ്പോലും അറിയിച്ചില്ല. മാത്രമല്ല സീറ്റ് പ്രതീക്ഷിച്ച് കിട്ടാതായതോടെ ജില്ലാ ഭാരവാഹികൾ പലരും മണ്ഡലത്തിൽ പ്രചാരണരംഗത്ത് സജീവമായിരുന്നില്ല.
ജില്ലാ നേതൃത്വത്തിനും തോൽവിയിൽ ഉത്തരവാദിത്വമുണ്ടായിട്ടും അവരെ രക്ഷിച്ച് പ്രാദേശിക നേതാക്കളെമാത്രം ബലിയാടാക്കുകയാണ് സംസ്ഥാനനേതൃത്വം ചെയ്തത്. മണ്ഡലം കമ്മിറ്റിയുടെ അഭിപ്രായം പരിഗണിക്കാതെ സ്ഥാനാർഥിയെ കെട്ടിയിറക്കുകയാണുണ്ടായത്. സ്ഥാനാർഥി നിർണയത്തിൽ സമസ്തയ്ക്കും എതിർപ്പുണ്ടായിരുന്നു. സ്ഥാനാർഥിനിർണയം ഉൾപ്പെടെയുള്ള വിഷയങ്ങൾ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ അന്വേഷണക്കമ്മിഷനുകൾക്ക് മുന്നിൽ വ്യക്തമാക്കിയതാണ്. അതൊന്നും പരിഗണിച്ചില്ല. പിരിച്ചുവിടൽ തീരുമാനം പാർട്ടിക്കുള്ളിൽ കൂടുതൽ അഭിപ്രായഭിന്നതകൾ രൂപപ്പെടാനിടയാക്കുമെന്നും കമ്മിറ്റി ഭാരവാഹികൾ പറയുന്നു.