രാമനാട്ടുകര: ബി.എസ്.എൻ.എൽ ഓഫിസിനോടുചേർന്ന ഇൻസ്ട്രുമെന്റേഷൻ റൂം തകർത്ത് കേബിളിനകത്തുനിന്ന് 250 കിലോയോളം തൂക്കം വരുന്ന കോപ്പർ വയർ മോഷണം പോയി. ഇതേ തുടർന്ന് രാമനാട്ടുകരയിലേയും പരിസരങ്ങളിലേയും ഇൻറർനെറ്റ് കണക്ഷനുകളും 350ൽപരം ലാൻഡ് ലൈൻ ഫോണുകളും നിശ്ചലമായി.ശനിയാഴ്ച രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപെട്ടത്. ഉടൻ ഫറോക്ക് പൊലീസിൽ അറിയിക്കുകയായിരുന്നു. മുറിക്കുള്ളിൽ പല ഭാഗങ്ങളിലും കേബിൾ ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലായിരുന്നു. ഇത് വളരെ ആസൂത്രിതമായി നടത്തിയ മോഷണമാണെന്നാണ് നിഗമനം. മത്സ്യ മാർക്കറ്റിന്റെ സമീപത്തുള്ള കെട്ടിടത്തിൽ ഒന്നാം നിലയിലാണ് ബി.എസ്.എൻ.എൽ ഓഫിസ് പ്രവർത്തിക്കുന്നത്. ഒരു കിലോ കോപ്പറിന് 2000 ത്തോളം വിലവരും.ശനിയാഴ്ച പുലർച്ചെ ഒന്നരക്കും മൂന്നരക്കും ഇടയിലാകാം മോഷണം നടന്നതെന്നാണ് നിഗമനം. കാരണം 1.41ന് തന്നെ ഇൻറർനെറ്റും ടെലിഫോൺ ബന്ധവും നാട്ടിലാകെ വിച്ഛേദിക്കപ്പെട്ടിരുന്നു. ഒന്നര മുതൽ മൂന്നര വരെ എയർപോർട്ട് റോഡിലൂടെ കടന്നുപോയ വാഹനങ്ങൾ സി.സി.ടി.വി വഴി പരിശോധിക്കുന്നുണ്ട്.വലിയ വാഹനത്തിൽ മാത്രമേ ഇത്രയധികം തൂക്കമുള്ള വയർ കടത്തിക്കൊണ്ടുപോകാൻ കഴിയൂവെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.മറ്റു യന്ത്രസാമഗ്രികൾക്കൊന്നും നാശം വരാത്തതിനാൽ നഷ്ടപ്പെട്ട അത്രയും കോപ്പർ വയർ എത്തിച്ച് വൈകുന്നേരത്തോടെ വിച്ഛേദിക്കപ്പെട്ട കണക്ഷനുകൾ പുനഃസ്ഥാപിച്ചു. പഴയ കെട്ടിടത്തിലാണ് ഓഫിസ് സ്ഥിതിചെയ്യുന്നത്. ഒരു സുരക്ഷയും കെട്ടിടത്തിനില്ല.
പൊലീസ് നായും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. കെട്ടിടത്തിന്റെ പിറകിലൂടെ ഫാറൂഖ് കോളജ് റോഡ് വഴി എയർപോർട്ട് റോഡിലെത്തിയ പൊലീസ് നായ് രാമനാട്ടുകര ജങ്ഷനിൽ വന്നുനിന്നു. മോഷ്ടാക്കൾ ഒന്നിൽ കൂടുതൽ പേർ ഉണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. മോഷണം പോയ കോപ്പർ വയർ രണ്ടര ക്വിൻറലിനു മേൽ തൂക്കം വരുമെന്നതിനാൽ മോഷ്ടാക്കളുടെ എണ്ണവും കൂടിയിരിക്കാൻ സാധ്യതയുണ്ടെന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ. ഫറോക്ക് പൊലീസ് ഇൻസ്പെക്ടർ പി.എസ്. ഹരീഷിന്റെ മേൽനോട്ടത്തിൽ എസ്.ഐമാരായ എസ്. അനൂപ്, പി.ടി. സൈഫുള്ള എന്നിവരാണ് കേസ് അന്വേഷണത്തിന് നേതൃത്വം വഹിക്കുന്നത്.രാമനാട്ടുകര ബി.എസ്.എൻ.എൽ ഓഫിസിൽനിന്ന് കോപ്പർ വയർ മോഷണം പോയതു സംബന്ധിച്ച് തെളിവെടുപ്പിന് എത്തിയ വിരലടയാള വിദഗ്ധർ സംഭവസ്ഥലം പരിശോധിക്കുന്നു