കോഴിക്കോട്: കോഴിക്കോട്-തൃശൂർ പാസഞ്ചർ ഈ മാസം 10 മുതൽ സർവിസ് നിർത്തിവെക്കുന്നത് മലബാറിലെ സാധാരണക്കാരായ യാത്രക്കാർക്ക് ഇരുട്ടടിയാകും. റെയിൽവേ ട്രാക്ക് ബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടത്തുന്നതിന് താൽക്കാലികമായാണ് സർവിസ് നിർത്തിവെക്കുന്നതെന്നാണ് റെയിൽവേ അധികൃതരുടെ വിശദീകരണം.
രാവിലെ 7.30ന് കോഴിക്കോട്ടുനിന്ന് പുറപ്പെടുന്ന ട്രെയിൻ വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന നൂറുകണക്കിന് യാത്രക്കാർക്ക് വലിയ ആശ്വാസമായിരുന്നു. 9.45ന് ഷൊർണൂരിലെത്തുന്ന ട്രെയിൻ നിരവധി സർക്കാർ ഓഫിസ് ജീവനക്കാരുടെയും ആശ്രയമാണ്. ഷൊർണൂരിൽനിന്ന് 5.35ന് പുറപ്പെട്ട് രാത്രി ഒമ്പതിന് കോഴിക്കോട്ട് അവസാനിക്കുന്ന സർവിസും താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്.
കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർ സീസൺ ടിക്കറ്റ് എടുത്ത് സ്ഥിരമായി ഈ പാസഞ്ചറിനെ ആശ്രയിക്കുന്നവരാണ്. പാസഞ്ചർ സർവിസ് അവസാനിപ്പിക്കുന്നതോടെ ഇവരുടെ യാത്ര ദുരിതത്തിലാവും. സീസൺ ടിക്കറ്റിൽ യാത്ര ചെയ്തവർക്ക് ഇനി യാത്രച്ചെലവും വർധിക്കും. റെയിൽവേയുടെ നടപടിക്കെതിരെ പ്രതിഷേധവുമായി യാത്രക്കാർ രംഗത്തെത്തി. ഇതോടെ കോഴിക്കോട് എം.പി എം.കെ. രാഘവൻ സതേൺ റെയിൽവേ മാനേജറുമായി ബന്ധപ്പെട്ടു.
രണ്ടോ മൂന്നോ ആഴ്ചക്കകം പണി പൂർത്തിയാവുമെന്നും ശേഷം സർവിസ് പുനഃസ്ഥാപിക്കുമെന്നും സതേൺ റെയിൽവേ മാനേജർ ഉറപ്പുനൽകിയതായി എം.പിയുടെ ഓഫിസ് അറിയിച്ചു.
എന്നാൽ, ഇക്കാര്യം ഔദ്യോഗിക അറിയിപ്പിൽ സൂചിപ്പിച്ചിട്ടില്ലെന്നതിനാൽ റെയിൽവേ നടപടി സംശയത്തിനിടയാക്കുന്നുണ്ട്.
സ്വകാര്യ ബസ് ലോബിയുടെ താൽപര്യത്തിനു വഴങ്ങിയാണ് നീക്കമെന്നാണ് യാത്രക്കാരുടെ ആരോപണം. കോഴിക്കോട്ടേക്ക് സർവിസ് നിർത്തിവെക്കുന്ന ട്രെയിൻ തൃശൂർ മുതൽ ഷൊർണൂർ വരെ സർവിസ് നടത്തുന്നതും സംശയം ബലപ്പെടുത്തുന്നു.
ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം
പാലക്കാട്: വിവിധ ഡിവിഷനുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 06455 ഷൊർണൂർ -കോഴിക്കോട് മെമു എക്സ്പ്രസിന്റെ സമയത്തിൽ സെപ്റ്റംബർ ഒമ്പത് മുതലും 16607 കണ്ണൂർ -കോയമ്പത്തൂർ എക്സ്പ്രസിന്റെ സമയത്തിൽ 10 മുതലും മാറ്റം വരും.
പുതുക്കിയ സമയപട്ടികപ്രകാരം ഷൊർണൂർ -കോഴിക്കോട് മെമു രാത്രി 8.40നേ ഷൊർണൂരിൽനിന്ന് പുറപ്പെടുകയുള്ളൂ (നിലവിലെ സമയം വൈകീട്ട് 5.45). പട്ടാമ്പി -9.01, കുറ്റിപ്പുറം -9.27, തിരൂർ -9.43, താനൂർ -9.52 എന്നിങ്ങനെയാണ് പുതിയ സമയക്രമം.
16607 കണ്ണൂർ -കോയമ്പത്തൂർ എക്സ്പ്രസ് കണ്ണൂരിൽനിന്ന് 20 മിനിറ്റ് നേരത്തേ രാവിലെ ആറിനു പുറപ്പെടും. തലശ്ശേരി -6.26, വടകര -6.48, കോഴിക്കോട് -7.40, തിരൂർ -8.33, കുറ്റിപ്പുറം -8.49, പട്ടാമ്പി -9.09, ഷൊർണൂർ -9.45, ഒറ്റപ്പാലം -10.09, പാലക്കാട് -10.40, കോയമ്പത്തൂർ -ഉച്ച 1.45 എന്നിങ്ങനെയാണ് പുതുക്കിയ സമയം.