ബേപ്പൂർ: ബേപ്പൂർ തീരത്തെ വിനോദസഞ്ചാര കേന്ദ്രത്തിലെ കടലിലേക്കുള്ള പുലിമുട്ടിന്റെ നടപ്പാതയിലെ ഇന്റർലോക്ക് കട്ടകൾ ഇളകി. വിനോദകേന്ദ്രത്തിലെ മുഖ്യ ആകർഷണമാണ് കടലിലേക്ക് ഒരു കിലോമീറ്റർ നീളുന്ന പുലിമുട്ടും നടപ്പാതയും. ഇതിന്റെ പ്രവേശന സ്ഥലത്ത് മധ്യഭാഗത്താണ് നീളത്തിൽ ഇന്റർലോക്ക് കട്ടകൾ ഇളകി കുഴിയായത്. കുട്ടികളും സ്ത്രീകളും വയോധികരും ഈ കുഴിയിൽ വീഴുന്നത് പതിവാണ്.
പ്രഭാതസവാരിക്കാരും സൂര്യാസ്തമയം കണ്ടാസ്വദിക്കാനുമായി നിത്യവും നൂറുകണക്കിന് പേരാണ് പുലിമുട്ട് പാതയിലൂടെ നടക്കുന്നത്. ശനിയാഴ്ചയും ഞായറാഴ്ചയും മറ്റു ദിവസങ്ങളിലും ആയിരങ്ങളാണ് തീരത്തെത്തുന്നത്. കടൽക്ഷോഭത്തിൽ തിരമാലകൾ ഇരച്ചുകയറി പുലിമുട്ടിന് കേടുപാടുകൾ സംഭവിച്ചതിനൊപ്പമാണ് അടിഭാഗത്തെ മണൽ ചോർന്ന് ഇന്റർലോക്ക് ഇളകി കുഴി രൂപപ്പെട്ടത്. ഇത് ഉടൻ അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ കൂടുതൽ കട്ടകൾ ഇളകാനും സാധ്യതയുണ്ട്.