തൃശൂർ: ഹിന്ദുവാണെന്ന ബോധം ഓരോരുത്തരിലും ഉണരുമ്പോഴാണ് സമൂഹത്തിൽ സ്വാഭിമാന ഹിന്ദു ബോധം ഉയരുകയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. സ്വാഭിമാന ബോധം ഉയർന്നാലേ ഹിന്ദു സമൂഹത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനാകൂവെന്ന് വൈക്കം സത്യഗ്രഹത്തിലൂടെ തെളിയിച്ചതാണെന്നും അവർ പറഞ്ഞു. തൃശൂരിൽ ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളന ഭാഗമായി നടന്ന ഹിന്ദു നേതൃസമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ശശികല.
കേരളത്തിൽ സുരക്ഷയെ പോലും ബാധിക്കുന്ന തരത്തിൽ രാഷ്ട്രവിരുദ്ധ ശക്തികൾ തലപൊക്കിയിരിക്കുന്നു. അതിന്‍റെ പ്രതിഫലനമാണ് അടുത്ത കാലത്ത് നടന്ന ‘കട്ടിങ് സൗത്ത്’ പോലുള്ള പരിപാടികൾ. ഇത്തരം രാഷ്ട്ര വിരുദ്ധ ശക്തികൾക്കെതിരെ ഹിന്ദുസമൂഹം മുന്നോട്ടുവരണമെന്നും ശശികല പറഞ്ഞു.
കേരളത്തിലെ വർത്തമാനകാല യാഥാർഥ്യങ്ങൾ മനസ്സിലാക്കി ഹിന്ദു സമൂഹം മുന്നോട്ടു പോകണമെന്ന് നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്ത സ്വാമി ചിദാനന്ദപുരി അഭിപ്രായപ്പെട്ടു. ഹിന്ദു സമൂഹത്തിന്റെ അടിസ്ഥാന അസ്തിത്വത്തെ നശിപ്പിക്കാനുള്ള ചില ശക്തികൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. മെക്കാളേയുടെ വിദ്യാഭ്യാസം ഇവിടത്തെ സംസ്കാരത്തെയും വിദ്യാഭ്യാസത്തെയും വികലമാക്കി. അതിന്‍റെ ബാക്കിപത്രം ഇന്ന് സമസ്ത മേഖലയിലും ദൃശ്യമാണെന്നും നീതിപീഠങ്ങളിൽനിന്നുള്ള ചില വിധികളിൽ ഇതിന്‍റെ സ്വാധീനം കാണാനാകുമെന്നും ചിദാനന്ദപുരി പറഞ്ഞു.
ഹിന്ദു സമൂഹം ചെറിയ വ്യവസായ സംരംഭങ്ങളിലൂടെ സാമ്പത്തിക ശക്തിയായി ഉയരണമെന്നും ചിദാനന്ദപുരി അഭിപ്രായപ്പെട്ടു. സംസ്ഥാന വക്താവ് ആർ.വി. ബാബു വിഷയം അവതരിപ്പിച്ചു. അഡ്വ. എസ്. ജയസൂര്യ, പി.കെ. ചന്ദ്രശേഖരൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പിഴ സുധാകരൻ, മഞ്ഞപ്പാറ സുരേഷ്, ഇ.എസ്. ബിജു, സഹസംഘടന സെക്രട്ടറി വി. സുശികുമാർ, സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് വത്സൻ തില്ലങ്കേരി എന്നിവർ സംസാരിച്ചു.