കോഴിക്കോട് : കോൺഗ്രസിൽ രമേശ് ചെന്നിത്തല- വി.ഡി സതീശൻ ഭിന്നത കനക്കുന്നുവെന്ന തരത്തിൽ പ്രചരണം ശക്തമായ സാഹചര്യത്തിൽ കെപിസിസി നിർവാഹക സമിതി യോഗം ചേരുന്നു. കെപിസിസി ആസ്ഥാനത്ത് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും നടത്തിയ ചർച്ചയിലാണ് വെള്ളിയാഴ്ച രാവിലെ പത്തരക്ക് നിർവാഹക സമിതി യോഗം വിളിക്കാൻ ധാരണയായത്. നിയമസഭ സമ്മേളനത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും മറ്റും ആലോചിക്കുന്നതിന് തിങ്കളാഴ്ച യു.ഡി.എഫ് യോഗവും ചേരും.
കെ റെയിൽ വിഷയത്തിലടക്കം സർക്കാറിനെതിരായ സമരപരിപാടികൾ പുനരാരംഭിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനാണ് കെ.പി.സി.സി നിർവാഹകസമിതി യോഗമെന്നാണ് നേതൃത്വം വിശദീകരിക്കുന്നത്. ചെന്നിത്തല – സതീശൻ ഭിന്നതയും ഡി.സി.സി പുനഃസംഘടനയും നിർവാഹക സമിതിയിൽ ചർച്ചയാകും.പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ അവഗണിച്ചുകൊണ്ട്, ലോകായുക്ത ഭേദഗതി ഓർഡിനൻസിനെതിരെ നിയമസഭയിൽ നിരാകരണപ്രമേയം കൊണ്ടുവരുമെന്ന് ചെന്നിത്തല പ്രഖ്യാപിച്ചതോടെയാണ് കോൺഗ്രസിനകത്തെ ഭിന്നത പുറത്തായത്. നേരത്തേ കണ്ണൂർ വൈസ് ചാൻസലറുടെ പുനർനിയമന വിഷയത്തിൽ ചെന്നിത്തല വേറിട്ട് ഒറ്റയാൾ നിലപാടെടുത്തതും ചർച്ചയായിരുന്നു.
ഈ വിഷയങ്ങളെല്ലാം പാർട്ടിയെയും മുന്നണിയെയും ബാധിക്കുന്നത് സംബന്ധിച്ച ചർച്ച നിർവാഹക സമിതിയിലുണ്ടാകാനാണ് സാധ്യത. ചെന്നിത്തലയുടെ നിലപാട് സംബന്ധിച്ച് പരസ്യപ്രതികരണത്തിന് വി.ഡി സതീശൻ ഇതുവരെ തയാറായിട്ടില്ല. പാർട്ടിയെയും മുന്നണിയെയും തിരിച്ചുകൊണ്ടുവരാനുള്ള നീക്കത്തിന് ചെന്നിത്തലയുടെ അനാവശ്യ ഇടപെടലുകൾ തടസമാകുന്നുവെന്ന് നിർവാഹക സമിതിയെ ബോധ്യപ്പെടുത്താനാണ് സതീശനെ പിന്തുണക്കുന്നവരുടെ ശ്രമം.